Sorry, you need to enable JavaScript to visit this website.

നടന്‍ സുശാന്തിന്‍റെ മരണം സി.ബി.ഐ അന്വഷിക്കാന്‍ സുപ്രീം കോടതി ഉത്തരവ്

ന്യൂദൽഹി- ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത്തിന്‍റെ മരണത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീം കോടതി.

കേസ് പട്നയിൽനിന്ന് മുംബൈയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് നടി റിയ ചക്രവർത്തി സമർപ്പിച്ച ഹരജി തള്ളിയാണ് സുപ്രീം കോടതി  ഉത്തരവ്. റിയക്കും കുടുംബത്തിനുമെതിരെ സുശാന്തിന്‍റെ പിതാവ് നല്‍കിയ പരാതിയിൽ ബിഹാറിൽ രജിസ്റ്റർ ചെയ്ത കേസ് കോടതി അംഗീകരിച്ചു. കാമുകിയായിരുന്ന റിയയും കടുംബവും സുശാന്തിനെ വഞ്ചിച്ചതായും മാനസികമായി പീഡിപ്പിച്ചതായും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

സുശാന്തിന്‍റെ ബാങ്ക് അക്കൗണ്ടിൽനിന്ന് കോടികൾ തട്ടിയെടുത്തതായും പരാതിയിൽ പറഞ്ഞിരുന്നു. ബിഹാർ പോലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആർ നിയമപരമായി നിലനിൽക്കുമെന്ന് കോടതി വ്യക്തമാക്കി.അന്വേഷണം ബിഹാർ പോലീസ് സിബിഐക്ക് കൈമാറുകയും ചെയ്തിരുന്നു. ഈ നടപടിയാണ് സുപ്രീം കോടതി ശരിവെച്ചിരിക്കുന്നത്.

കേസുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐ ആണ് നടത്തേണ്ടതെന്ന്  കോടതി വ്യക്തമാക്കി. മരണം നടന്നത് മഹാരാഷ്ട്രയിലായതുകൊണ്ട് മുംബൈ പോലീസാണ് ഈ കേസ് അന്വേഷിക്കേണ്ടതെന്നും മറ്റൊരു പോലീസിനും കേസ് അന്വേഷിക്കാനാവില്ലെന്നുമായിരുന്നു മഹാരാഷ്ട്ര പോലീസ് നേരത്തെ കോടതിയിൽ പറഞ്ഞിരുന്നത്. ഈ വാദം സുപ്രീം കോടതി നിരാകരിച്ചു.

മഹാരാഷ്ട്ര പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്ന എഫ്.ഐ.ആറിൽഅപകട മരണവുമായി ബന്ധപ്പെട്ട കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നതെന്നും അതുകൊണ്ടുതന്നെ പരിമിതമായ അന്വേഷണം മാത്രമേ ഈ എഫ്ഐആറിന്റെ അടിസ്ഥാനത്തിൽ നടക്കുകയുള്ളൂ എന്നും സുപ്രീം കോടതി ചൂണ്ടിക്കാണിച്ചു.

അതേസമയം, ബിഹാർ പോലീസിന്‍റെ എഫ്ഐആർ സമ്പൂർണമാണെന്നും മരണവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അന്വേഷിക്കാൻ ഇതനുസരിച്ച് സിബിഐക്ക് കഴിയുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

കേസന്വേഷണത്തിൽ മഹാരാഷ്ട്ര പോലീസ്പൂർണമായും സഹകരിക്കണമെന്നും ഇതുവരെ ശേഖരിച്ചിട്ടുള്ള എല്ലാ തെളിവുകളും സിബിഐക്ക് കൈമാറണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.

Latest News