ഛണ്ഡീഗഢ്- സത്‌ലജ്-യമുനാ ലിങ്ക് കനാല്‍ നിര്‍മാണ പദ്ധതിയുമായി മുന്നോട്ടു പോയാല്‍ പഞ്ചാബ് കത്തുമെന്നും ഇതൊരു ദേശീയ സുരക്ഷാ പ്രശ്‌നമായി മാറുമെന്നും കേന്ദ്ര സര്‍ക്കാരിന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങിന്റെ മുന്നറിയിപ്പ്. പദ്ധതി സംബന്ധിച്ച ചര്‍ച്ചയ്ക്കായി ഇന്നു ചേര്‍ന്ന വെര്‍ച്വല്‍ യോഗത്തിലാണ് അമരീന്ദര്‍ സിങ് ഇങ്ങനെ പറഞ്ഞത്. കേന്ദ്ര മന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്തും ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറും യോഗത്തില്‍ പങ്കെടുത്തിരുന്നു. "ഈ വിഷയം ദേശീയ സുരക്ഷ മുന്‍നിര്‍ത്തി പരിഗണിക്കേണ്ടതാണ്. സത്‌ലജ്-യമുനാ കനാല്‍ നിര്‍മാണ പദ്ധതിയുമായി മുന്നോട്ടു പോകാനാണ് തീരുമാനമെങ്കില്‍ പഞ്ചാബ് കത്തും. ഹരിയാനയും രാജസ്ഥാനും ആഘാതം നേരിടേണ്ടി വരുന്നതോടെ ഇതൊരു ദേശീയ സുരക്ഷാ പ്രശ്‌നമായി മാറുകയും ചെയ്യും," പഞ്ചാബ് മുഖ്യമന്ത്രി പറഞ്ഞു.
പതിറ്റാണ്ടുകളായി അനിശ്ചിതമായി നീണ്ടു പോകുന്ന സത്‌ലജ്-യമുനാ ലിങ്ക് കനാല്‍ നിര്‍മാണം പൂര്‍ത്തിയാക്കുന്നതു സംബന്ധിച്ച് ഇരു സംസ്ഥാനങ്ങളുടേയും മുഖ്യമന്ത്രിമാര്‍ ചര്‍ച്ച നടത്തണമെന്ന് കഴിഞ്ഞ മാസം സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് യോഗം ചേര്‍ന്നത്.
പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങള്‍ നിലവില്‍ വന്ന 1966ല്‍ തുടങ്ങിയതാണ് ഈ നദീജല തര്‍ക്കം. നദീ ജലത്തിന്റെ ഏറിയ പങ്കും ഹരിയാന ആവശ്യപ്പെടുന്നുണ്ടെങ്കിലും, അധിക ജലമില്ലെന്നു ചൂണ്ടിക്കാട്ടി നല്‍കാന്‍ പഞ്ചാബ് തയാറല്ല. 1975ല്‍ ഇന്ദിരാ ഗാന്ധി സര്‍ക്കാര്‍ ഒരു എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെ ഈ നദീജലം ഇരു സംസ്ഥാനങ്ങള്‍ക്കുമിടയില്‍ വേര്‍ത്തിരിക്കുകയും ജലം പങ്കുവെക്കുന്നതിനായി കനാല്‍ പദ്ധതിക്ക് തുടക്കമിടുകയും ചെയ്യുകയായിരുന്നു. 1982ല്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി കനാല്‍ നിര്‍മാണത്തിനും തുടക്കമിട്ടു. ഇതിനെതിരെ ശിരോമണി അകാലി ദള്‍ വ്യാപക പ്രതിഷേധമുയര്‍ത്തി. 1985ല്‍ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി ശിരോമണി അകാലി ദള്‍ നേതാവ് ഹര്‍ചന്ദ് സിങ് ലോംഗോവാളിനെ കാണുകയും പുതിയ ട്രൈബ്യൂണലിനായി കരാര്‍ ഒപ്പിടുകയും ചെയ്തു. ഇതിനു പിന്നാലെ ഒരു മാസത്തിനുള്ളില്‍ ലോംഗോവാള്‍ കൊല്ലപ്പെടുകയും ചെയ്തു. 1990ല്‍ കനാല്‍ നിര്‍മാണവുമായി ബന്ധമുണ്ടായിരുന്ന ചീഫ് എന്‍ജിനീയര്‍ എം എല്‍ സെഖ്രി, സുപ്രണ്ടിങ് എന്‍ജീനീയര്‍ അവതാര്‍ സിങ് എന്നിവരും അക്രമികളാല്‍ കൊല്ലപ്പെട്ടു.
യമുനയില്‍ നിന്നുള്ളത് ഉള്‍പ്പെടെ ലഭ്യമായ മൊത്തം ജലവിഭവത്തിന്റെ ഓഹരി പൂര്‍ണമായും പഞ്ചാബിന് വേണമെന്ന് ഇന്നത്തെ യോഗത്തില്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ആവശ്യപ്പെട്ടു. അതേസമയം നിലവിലെ ജലലഭ്യത സമയബന്ധിതമായി തിട്ടപ്പെടുത്തുന്നതിന് ട്രൈബ്യുണല്‍ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വേണ്ടത്ര ജലലഭ്യതയുണ്ടെങ്കില്‍ എന്തിന് നല്‍കാതിരിക്കണമെന്നും അദ്ദേഹം ചോദിച്ചു. ഹരിയാന മുഖ്യമന്ത്രിയുടമായി ചര്‍ച്ച നടത്താന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു.