റായ്പൂര്‍- ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ബിജെപി നേതാക്കളുടെ ഇതരമത വിദ്വേഷ പോസ്റ്റുകള്‍ നീക്കം ചെയ്യുന്നത് തടഞ്ഞ് വിവാദത്തിലായ ഫേസ്ബുക്ക് പബ്ലിക് പോളിസി ഡയറക്ടര്‍ അംഘി ദാസിനെതിരെ റായ്പൂര്‍ പോലീസ് കേസെടുത്തു. മറ്റു രണ്ടു പേരും കേസിലുള്‍പ്പെട്ടിട്ടുണ്ട്. മതവിശ്വാസങ്ങളെ മനപ്പൂര്‍വം നിന്ദിച്ച് മതവികാരം വൃണപ്പെടുത്തുക, സമുദായങ്ങള്‍ക്കിടയില്‍ സ്പര്‍ധയുണ്ടാക്കുക, ക്രിമിനല്‍ ഭീഷണി, അപകീര്‍ത്തി തുടങ്ങി വിവധ വകുപ്പുകള്‍ ചുമത്തിയാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. റായ്പൂരിലെ മാധ്യമപ്രവര്‍ത്തകന്‍ ആവേഷ് തിവാരി അംഘി ദാസിനെതിരെ നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസ്. തിവാരിക്കെതിരെ കഴിഞ്ഞ ദിവസം അംഘി ദാസ് ദല്‍ഹി പോലീസില്‍ പരാതി നല്‍കിയിരുന്നു. വിദ്വേഷപരമായ പോസ്റ്റുകള്‍ തടയുന്നതിനുള്ള ഫേസ്ബുക്കിന്റെ നിയമങ്ങള്‍ ലംഘിച്ച് ബിജെപി നേതാക്കളുടെ ഇത്തരം പോസ്റ്റുകള്‍ നീക്കം ചെയ്യാന്‍ അംഘി ദാസ് അനുവദിച്ചിരുന്നില്ലെന്ന ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് യുഎസ് പത്രമായ വോള്‍ സ്ട്രീറ്റ് ജേണല്‍ റിപോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്നാണ് ഇവര്‍ വെട്ടിലായത്.
റിപോര്‍ട്ടിനു പിന്നാലെ തനിക്കു ഭീഷണിയുണ്ടെന്ന് കാണിച്ച് അംഘി ദാസ് ദല്‍ഹി പോലീസ് സൈബര്‍ സെല്ലില്‍ പരാതി നല്‍കിയത്. ആവേഷ് തിവാരിക്കു പുറമെ ഛത്തീസ്ഗഢുകാരായ ദാസ്, റാം സാഹു, ഇന്ദോര്‍ സ്വദേശി വിവേക് സിന്‍ഹ എന്നിവര്‍ക്കെതിരെയാണ് അംഘി ദാസ് പരാതി നല്‍കിയിരുന്നത്. അമേരിക്കന്‍ പത്രത്തിന്റെ റിപോര്‍ട്ട് ചൂണ്ടിക്കാട്ടി ആവേഷ് തിവാരി ഒരു ഫേസ്ബുക്ക് പോസ്റ്റിട്ടതാണ് തനിക്കെതിരായ ഭീഷണിയായ അംഘി ദാസ് പരാതിപ്പെട്ടത്.
എന്നാല്‍ തന്റെ പോസ്റ്റ് പത്ര റിപോര്‍ട്ടില്‍ പ്രസിദ്ധീകരിച്ച വസ്തുതകളെ കുറിച്ചായിരുന്നു. അതില്‍ അംഘി ദാസിന്റെ പങ്ക് പരാമര്‍ശിച്ചിട്ടില്ല. എന്നാല്‍ റിപോര്‍ട്ടിലുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി ബിജെപി നേതാക്കളിട്ട വിദ്വേഷ പോസ്റ്റുകള്‍ നീക്കം ചെയ്യുന്നതില്‍ നിന്നും ഫേസ്ബുക്ക് ജീവനക്കാരെ അംഘി ദാസ് പിന്മാറാന്‍ നിര്‍ബന്ധിച്ചു എന്നാണ റിപോര്‍ട്ടിലുള്ളത്. പോസ്റ്റുകള്‍ നീക്കിയാല്‍ സര്‍ക്കാരുമായുള്ള രാഷ്ട്രീയ ബന്ധത്തെ അതു ബാധിക്കുമെന്നാണ് അംഘി ദാസ് സഹപ്രവര്‍ത്തകരോട് പറഞ്ഞതെന്നും തിവാരി പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.