ന്യൂദല്‍ഹി- സുപ്രീം കോടതിയുടെ പ്രവര്‍ത്തനത്തെ വിമര്‍ശിച്ച് ട്വീറ്റ് ചെയ്തതിന് കുറ്റക്കാരനായി വിധിക്കപ്പെട്ട മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണിനെതിരായ കോടതിയലക്ഷ്യ കേസില്‍ സു്പ്രീം കോടതി അനീതി അവസാനിപ്പിക്കണമെന്ന് രാജ്യത്തുടനീളമുള്ള 1500ഓളം അഭിഭാഷകര്‍ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. ഭൂഷണിനെ കുറ്റക്കാരനാക്കിയ വിധി ആശങ്കപ്പെടുത്തുന്നതാണെന്നും അനീതി നടപ്പിലാകുന്നത് ഒഴിവാക്കാന്‍ സുപ്രീം കോടതി തിരുത്തല്‍ നപടപടികള്‍ സ്വീകരിക്കണമെന്നും മുതിര്‍ന്ന ബാര്‍ അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള അഭിഭാഷകര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
കോടതിയലക്ഷ്യ ഭീഷണിയുമായി അഭിഭാഷകരെ നിശബ്ദരാക്കുന്നത് സുപ്രീം കോടതിയുടെ സ്വാതന്ത്ര്യവും കരുത്തും തകര്‍ക്കുന്നതാണെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. ശ്രീറാം പഞ്ചു, അരവിന്ദ് ദത്തര്‍, ശ്യാം ദിവാന്‍, വൃന്ദ ഗ്രോവര്‍, മിഹിര്‍ ദേശായ്, മേനക ഗുരുസ്വാമി, രാജു രാമചന്ദ്രന്‍, ബിസ്വജിത് ഭട്ടാചാര്യ, നവ്‌റോസ് സീര്‍വായ്, ജനക് ദ്വാരക്ദാസ്, ഇഖ്ബാല്‍ ചഗ്ല, ഡാരിയസ് ഖംബട്ട, കാമിനി ജയ്‌സ്വാള്‍, കരുണ നന്ദി തുടങ്ങി മുതിര്‍ന്ന അഭിഭാഷകരും പ്രസ്താവനയില്‍ ഒപ്പുവച്ചിട്ടുണ്ട്.
Read Also I ചീഫ് ജസ്റ്റിസിനെ കുറിച്ച് ട്വീറ്റ് ചെയ്ത പ്രശാന്ത് ഭൂഷണ്‍ കുറ്റക്കാരനെന്ന് കോടതി; ശിക്ഷാവിധി 20ന്
പ്രശാന്ത് ഭൂഷണിനെ കുറ്റക്കാരനാക്കിയ വിധി പൊതുജനങ്ങളുടെ കണ്ണില്‍ സുപ്രീം കോടതിയുടെ അധികാരം പുനസ്ഥാപിക്കുന്നതല്ല. ഇത് അഭിഭാഷകരെ തുറന്നുസംസാരിക്കുന്നതില്‍ നിന്നും നിരുത്സാഹപ്പെടുത്തും. ജഡ്ജിമാര്‍ അടിച്ചമര്‍ത്തപ്പെടുന്ന സാഹചര്യങ്ങളില്‍ അഭിഭാഷകരാണ് കോടതിയുടെ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ ആദ്യമെത്തുക. നിശബ്ദരാക്കപ്പെട്ട ബാറിന് കരുത്തുറ്റ ഒരു കോടതിയെ നയിക്കാനാവില്ലെന്നും പ്രസ്താപനയില്‍ ചൂണ്ടിക്കാട്ടുന്നു.
'ഒരു അടിയന്തരാവസ്ഥ പോലും പ്രഖ്യാപിക്കാതെ എങ്ങനെയാണ് ഇന്ത്യയില്‍ കഴിഞ്ഞ ആറു വര്‍ഷക്കാലത്തിനിടെ ജനാധിപത്യ സംവിധാനം തകര്‍ക്കപ്പെട്ടതെന്ന് ഭാവിയില്‍ ചരിത്രകാരന്‍മാര്‍ തിരിഞ്ഞു നോക്കുമ്പോള്‍, ഈ തകര്‍ച്ചയില്‍ സുപ്രീം കോടതിയുടെ പങ്കും പ്രത്യേകിച്ച് അവസാനത്തെ നാലു ചീഫ് ജസ്റ്റിസുമാരുടെ പങ്ക് തീര്‍ച്ചയായും അവര്‍ പ്രത്യേകം രേഖപ്പെടുത്തും' എന്നായിരുന്നു പ്രശാന്ത് ഭൂഷന്റെ ജൂണ്‍ 27ലെ ട്വീറ്റ്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ ഒരു ബിജെപി നേതാവുമായി ബന്ധമുള്ള സൂപ്പര്‍ ബൈക്കിലിരിക്കുന്ന ഫോട്ടോയും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. ഇതിനനെതിരെ കോടതിയലക്ഷ്യ കേസ് വന്നപ്പോള്‍ താന്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്നായിരുന്നു പ്രശാന്ത് ഭൂഷണ്‍ സുപ്രീം കോടതിക്കു മറുപടി നല്‍കിയത്. തുടര്‍ന്ന് കോടതി കുറ്റക്കാരനായി വിധിച്ചു. ശിക്ഷ ഓഗസ്റ്റ് 20ന് പ്രഖ്യാപിക്കും.