ന്യൂദല്‍ഹി- കേന്ദ്ര മാനവ വിഭവശേഷി വികസന (എച്.ആര്‍.ഡി) മന്ത്രാലയത്തിന്റെ പേരു മാറ്റി. രാഷ്ട്രപതി റാം നാഥ് കോവിന്ദ് അനുമതി നല്‍കിയതോടെ വിദ്യാഭ്യാസ മന്ത്രാലയം എന്ന പുതിയ പേരു നല്‍കി വിജ്ഞാപനമിറങ്ങി. കേന്ദ്ര മന്ത്രി സഭ കഴിഞ്ഞ മാസം അംഗീകാരം നല്‍കിയ ദേശീയ വിദ്യാഭ്യാസ നയത്തിലെ പ്രധാന ശുപാര്‍ശകളില്‍ ഒന്നായിരുന്നു മന്ത്രാലയത്തിന്റെ ഈ പേരുമാറ്റം.
1985ല്‍ മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഭരണകാലത്താണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പേരുമാറ്റി മാനവ വിഭവശേഷി വികസന മന്ത്രാലയം എന്നു പേരു നല്‍കിയിരുന്നത്. തൊട്ടടുത്ത വര്‍ഷമാണ് ദേശീയ വിദ്യാഭ്യാസ നയം അവതരിപ്പിക്കപ്പെട്ടത്. മുന്‍ പ്രധാനമന്ത്രി പി വി നരസിംഹ റാവും ആയിരുന്നു ആദ്യ മാനവ വിഭവശേഷി മന്ത്രി. വിദ്യാഭ്യാസം ഈ മന്ത്രാലയത്തിനു കീഴിലെ പ്രധാന വകുപ്പായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.