ന്യൂദല്‍ഹി- പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അടിസ്ഥാനത്തില്‍ 2021 ല്‍ തുടങ്ങുന്ന അധ്യയന വര്‍ഷത്തില്‍ 20 പ്രഗത്ഭ സ്ഥാപനങ്ങളിലും ചില സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റികളിലും നാലു വര്‍ഷ ബിരുദ പ്രോഗ്രാമും ഒരു വര്‍ഷ മാസ്റ്റേഴ്‌സ് പ്രോഗ്രാമും ആരംഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കമാരംഭിച്ചു.
സെന്‍ട്രല്‍ സര്‍വകലാശാലകളില്‍ പ്രവേശനം തേടുന്നവര്‍ക്കും പുതിയ സംവിധാനത്തിന്റെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പ്രവേശന പരീക്ഷ ഏര്‍പ്പെടുത്താനും തീരുമാനമായി. പ്രവേശന പരീക്ഷയുടെ സ്‌കോര്‍ സ്വീകരിക്കണമോ എന്ന കാര്യത്തില്‍ സര്‍വകലാശാലകള്‍ക്ക് സ്വന്തമായി തീരുമാനമെടുക്കാം.
ഫിക്കി സംഘടിപ്പിച്ച ഒരു വെബിനാറില്‍ പങ്കെടുക്കവേ ഉന്നത വിദ്യാഭ്യാസ സെക്രട്ടറി അനിത് ഖരേയാണ് ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചത്. ചില ഐഐടികളുമായി ഇക്കാര്യം സംസാരിച്ചു കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. ആദ്യപടിയായി ഒരു അക്കാദമിക് ക്രെഡിറ്റ് ബാങ്ക് ഉണ്ടാക്കാനാണ് ശ്രമം. ആധാര്‍, ഡിജിലോക്കര്‍ സംവിധാനങ്ങള്‍ വഴി ഇത് എളുപ്പം സാധ്യമാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. അക്കാദമിക് ക്രെഡിറ്റ് ബാങ്കിന്റെ പരിശോധന ഡിസംബറില്‍തന്നെ നടക്കും. ഇതോടെ നാലു വര്‍ഷ ബിരുദ- ഒരു വര്‍ഷ പിജി പ്രോഗ്രാമുകള്‍ അടുത്ത അധ്യയന വര്‍ഷം തന്നെ ആരംഭിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.