ന്യൂദല്‍ഹി- ബിജെപി നേതാക്കളുടെ വര്‍ഗീയ, വിദ്വേഷ പോസ്റ്റുകളെ പിന്തുണയ്ക്കുന്ന നിലപാട് സ്വീകരിച്ചെന്ന ഫെസ്ബുക്കിനെതിരായ ആരോപണം സംബന്ധിച്ച് വിശദീകരണം തേടാന്‍ വിവാദത്തിലായ ഫേസ്ബുക്ക് ഉന്നത ഉദ്യോഗസ്ഥ അംഘി ദാസ് അടക്കമുള്ള ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി മറുപടി തേടുമെന്ന് ദല്‍ഹി നിയമസഭയുടെ സമാധാന സമിതി അറിയിച്ചു. ബിജെപി നേതാക്കളുടെ വര്‍ഗീയ പോസ്റ്റുകള്‍ ഫേസ്ബുക്ക് മനപ്പൂര്‍വ്വം കണ്ടില്ലെന്നു നടിച്ചതായി വോള്‍ സ്ട്രീറ്റ് ജേണല്‍ റിപോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലാണിത്.
ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍, പ്രധാനമായും അംഘി ദാസ് നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ടുള്ള സമന്‍സ് ഉടന്‍ അയക്കുമെന്ന് നിയമസഭാ സമിതി പ്രസ്താവനയില്‍ അറിയിച്ചു. ഇതു സംബന്ധിച്ച നടപടികള്‍ക്കായി സമിതി ഈ ആഴ്ച തന്നെ യോഗം ചേരുമെന്നും അവരുടെ സാന്നിധ്യം ഉറപ്പാക്കുമെന്നും പ്രസ്താവനയില്‍ പറഞ്ഞു.
Also Read I 'ബിജെപിയെ പിണക്കാതിരിക്കാന്‍ ഫേസ്ബുക്ക് മുസ്‌ലിം വിരുദ്ധ വിദ്വേഷ പോസ്റ്റുകള്‍ തടഞ്ഞില്ല'
ജനാധിപത്യത്തിന് ഭീഷണിയായ ഈ സംഭവം പാര്‍ലമെന്റിന്റെ സംയുക്ത സമിതി അന്വേഷിക്കണമെന്ന് നേരത്തെ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. ഫേസ്ബുക്കില്‍ നിന്ന് മറുപടി തേടുമെന്ന് ഐടി കാര്യ പാര്‍ലമെന്ററി സിമിതി അധ്യക്ഷന്‍ ശശി തരൂരും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
Also Read I ഫേസ്ബുക്കും വാട്‌സാപ്പും ബിജെപി, ആര്‍എസ്എസ് നിയന്ത്രണത്തിലെന്ന് രാഹുല്‍ ഗാന്ധി
അംഘി ദാസിന്റെ നടപടിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധമുണ്ടായി. ഫേസ്ബുക്കിന്റെ വിദ്വേഷ പ്രചരണ വിരുദ്ധ ചട്ടങ്ങളുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് ചൂണ്ടിക്കാട്ടിയ, ദല്‍ഹി കലാപത്തിനു കാരണമായ ബിജെപി നേതാവ് കപില്‍ മിശ്രയുടെ കലാപാഹ്വാന വിഡിയോ പ്രചരിക്കുന്നതിനെ പോലും അംഘി ദാസ് പിന്തുണച്ചുവെന്ന് ഫേസ്ബുക്ക് ജീവനക്കാരെ ഉദ്ധരിച്ച വോള്‍ സ്ട്രീറ്റ് ജേണല്‍ റിപോര്‍ട്ട് ചെയ്തിരുന്നു.