റിയാദ് - മൊബൈൽ ബ്ലഡ് ബാങ്ക് യൂനിറ്റുകൾ ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അൽറബീഅ ഉദ്ഘാടനം ചെയ്തു. രക്തദാന സംസ്‌കാരം പ്രോത്സാഹിപ്പിക്കാനും രക്തദാതാക്കളുടെ എണ്ണം വർധിപ്പിക്കാനും ശ്രമിച്ച്, ബ്ലഡ് ബാങ്കുകളെ രക്തദാതാക്കളുടെ സ്ഥലങ്ങളിൽ എത്തിക്കാൻ പ്രാപ്തമാക്കുക എന്നതാണ് മൊബൈൽ യൂനിറ്റുകളുടെ ലക്ഷ്യം. രാജ്യത്തെ ഓരോ സെൻട്രൽ ബ്ലഡ് ബാങ്കിനും ഒരു മൊബൈൽ യൂനിറ്റു വീതം 24 മൊബൈൽ യൂനിറ്റുകൾ ലഭ്യമാക്കും.
രക്തം ദാനം ചെയ്യുന്നതിന് ആവശ്യമായ അത്യാധുനിക ഉപകരണങ്ങളോടെയും ആഗോള മാനദണ്ഡങ്ങളോടെയും സജ്ജീകരിച്ച മൊബൈൽ യൂനിറ്റുകളാണ് ലഭ്യമാക്കുന്നത്. ആദ്യ ഘട്ടത്തിൽ പത്തു യൂനിറ്റുകളാണ് ഇറക്കുമതി ചെയ്തിരിക്കുന്നത്. ഇവ പത്തു ആരോഗ്യ മേഖലകൾക്ക് വിതരണം ചെയ്യും. അവശേഷിക്കുന്ന പതിനാലു യൂനിറ്റുകൾ മാസങ്ങൾക്കുള്ളിൽ ഇറക്കുമതി ചെയ്യും. അവ എല്ലാ പ്രവിശ്യകളിലെയും സെൻട്രൽ ബ്ലഡ് ബാങ്കുകൾക്ക് വിതരണം ചെയ്യും. ലക്ഷ്യം സാക്ഷാൽക്കരിക്കുന്ന നിലക്ക് മൊബൈൽ യൂനിറ്റുകൾ പ്രവർത്തിപ്പിക്കാൻ ആരോഗ്യ മന്ത്രാലയം പ്രത്യേക പദ്ധതി തയാറാക്കിയിട്ടുണ്ട്. സൗദിയിൽ ആകെ 221 ബ്ലഡ് ബാങ്കുകളാണുള്ളത്. ഇതിൽ 24 എണ്ണം സെൻട്രൽ ബ്ലഡ് ബാങ്കുകളാണ്. 105 എണ്ണം ശാഖാ ബ്ലഡ് ബാങ്കുകളും 83 എണ്ണം ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സെന്ററുകളുമാണ്. കഴിഞ്ഞ വർഷം സൗദിയിൽ 3,45,693 പേരാണ് രക്തം ദാനം ചെയ്തത്.