ന്യൂദൽഹി- രാജസ്ഥാന്റെ ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറി സ്ഥാനത്ത്‌നിന്ന് അവിനാശ് പാണ്ഡെയെ കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി മാറ്റി. അജയ് മാക്കനാണ് പകരം ചുമതല നൽകിയത്. അവിനാശ് പാണ്ഡയെ മാറ്റണമെന്നായിരുന്നു സചിൻ പൈലറ്റ് ഉയർത്തിയ പ്രധാന ആവശ്യങ്ങളിലൊന്ന്. സച്ചിൻ പൈലറ്റ് ഉയർത്തിയ പ്രശ്‌നങ്ങൾ പരിഹരിക്കാൻ പുതിയ കമ്മിറ്റിയെയും നിയോഗിച്ചു. അഹമ്മദ് പട്ടേൽ, കെ.സി വേണുഗോപാൽ എം.പി എന്നിവരാണ് കമ്മിറ്റിയിലുള്ളത്. അജയ് മാക്കനെ നിയമിച്ചതിനെ സചിൻ പൈലറ്റ് സ്വാഗതം ചെയ്തു. അജയ് മാക്കന്റെ നിയമനം രാജസ്ഥാനിലെ കോൺഗ്രസിന് പുതിയ ഉണർവ് നൽകുമെന്ന് സചിൻ പൈലറ്റ് ട്വീറ്റ് ചെയ്തു. അജയ്മാക്കന്റെ നിയമനം മുഖ്യമന്ത്രി അശോക് ഗെഹ്്‌ലോട്ടും സ്വാഗതം ചെയ്തു. സംസ്ഥാനത്ത് പാർട്ടിയെ ശക്തിപ്പെടുത്താൻ അജയ്മാക്കന്റെ നിയമനം സഹായകമാകുമെന്ന് ഗെഹ്്‌ലോട്ട് പറഞ്ഞു.