ന്യൂദല്‍ഹി- അടുത്ത മാസം പകുതിക്ക് ശേഷം രാജ്യസഭയില്‍ വര്‍ഷകാല സമ്മേളനം ആരംഭിക്കുമെന്ന് സൂചനകള്‍. ഒരുക്കങ്ങള്‍ തുടങ്ങാന്‍ രാജ്യസഭ സെക്രട്ടറിയേറ്റിന് നിര്‍ദേശം ലഭിച്ചു. വലിയ സുരക്ഷാ മുന്‍കരുതലുകളോടെയും സാമൂഹിക അകലം പാലിച്ചുമായിരിക്കും സമ്മേളനം നടക്കുക.
വര്‍ഷകാല സമ്മേളനത്തിന് മുന്നോടിയായി ഉപരാഷ്ട്രപതി വെങ്കയ്യനായിഡുവിന്റെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ തുടങ്ങി. നാല് വലിയ ഡിസ്‌പ്ലേ സ്‌ക്രീനുകളും ആറ് ചെറു സ്‌ക്രീനുകളും സഭയുടെ നാല് ഗാലറികളില്‍ ഒരുക്കാന്‍ സഭാ അധ്യക്ഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഔദ്യോഗിക ഗാലറിയെ ചേംബര്‍ ഓഫ് ഹൗസില്‍നിന്ന് വേര്‍തിരിക്കാന്‍ പോളികാര്‍ബണേറ്റ് ഷീറ്റുകള്‍ സ്ഥാപിക്കും. ഓഡിയോ കണ്‍സോളുകള്‍, അണുനശീകരണത്തിനായി പ്രത്യേക അള്‍ട്രാ വയലറ്റ് ലൈറ്റുകള്‍ എന്നിവയും സ്ഥാപിക്കും.
സഭ സമ്മേളനത്തിനിടെ രാജ്യസഭയുടെയും ലോക്‌സഭയുടെയും ചേംബറും ഗാലറികളും എം.പിമാരുടെ ഇരിപ്പിടത്തിനായി ഉപയോഗിക്കും. 60 പേര്‍ക്ക് രാജ്യസഭാ ചേംബറിലും 51 പേര്‍ക്ക് രാജ്യസഭാ ഗാലറിയിലും ഇരിപ്പിടം ക്രമീകരിക്കും. ബാക്കി 132 അംഗങ്ങള്‍ക്ക് ലോക്‌സഭ ചേംബറിലും ഇരിപ്പിടം സജ്ജമാക്കും. രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് അവരുടെ അംഗബലത്തിനനുസരിച്ചായിരിക്കും സീറ്റ് ക്രമീകരിക്കുന്നത്.