ലഖ്‌നൗ- ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിന്റെ സര്‍ക്കാരിനെതിരെ വിവാദ പരാമര്‍ശം നടത്തിയ ആം ആദ്മി പാര്‍ട്ടി രാജ്യസഭ എംപി സഞ്ജയ് സിങ്ങിനെതിരേ കേസ്. യോഗി സര്‍ക്കാര്‍ താക്കൂര്‍ അനുകൂലികളാണെന്നും അയോധ്യയില്‍ നടന്ന രാമക്ഷേത്രത്തിന്റെ ഭൂമി പൂജ ചടങ്ങില്‍ ദളിത് വിഭാഗങ്ങളെ അപമാനിച്ചുവെന്നും സഞ്ജയ് സിങ് ആരോപിച്ചിരുന്നു. ഇതേതുടര്‍ന്നാണ് സഞ്ജയ് സിങ്ങിനെതിരേ കേസ് എടുത്തത്. ഐപിസി 152 എ, 505 (1 ബി ) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. ജാതി, മതം എന്നിവയുടെ അടിസ്ഥാനത്തില്‍ എംപി പൊതുജനങ്ങള്‍ക്കിടയില്‍ വിദ്വേഷം വളര്‍ത്തുന്നുവെന്ന് എഫ്‌ഐആറില്‍ ആരോപിക്കുന്നു. ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ ആം ആദ്മി നേതാവ് വിവിധ വിഭാഗങ്ങളെ ഇളക്കിവിടാന്‍ ശ്രമിച്ചുവെന്നും എഫ്‌ഐആറില്‍ ആരോപിക്കുന്നു.
എന്നാല്‍, സര്‍ക്കാരിനെതിരെ ശബ്ദിക്കുന്നവരെ ഉപദ്രവിക്കാനുള്ള യോഗി സര്‍ക്കാരിന്റെ പതിവ് തന്ത്രമാണിതെന്നും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതിനു ശേഷവും പ്രസ്താവനയില്‍ മാറ്റമില്ലെന്നും സഞ്ജയ് സിങ് പറഞ്ഞു.