Sorry, you need to enable JavaScript to visit this website.

മേരിയുടെയും ആൽവിന്റെയും ഘാതകൻ 

ലോക്ഡൗൺ മനോഗതങ്ങൾ - 12

എങ്ങനെ തുടങ്ങണം എന്ന് ആലോചിച്ചു നിന്നു സ്വയം പരിചയപ്പെടുത്തുന്ന ചടങ്ങ്  ഞാൻ വേണ്ടെന്നുെവച്ചു. നേരെ കാര്യത്തിലേക്ക് കടന്നു: പേര് ഡേവിഡ് എന്നല്ലേ?
അതെ എന്നവൻ ഉത്തരം നൽകി. അതോടൊപ്പം തന്നെ എന്നോട് ചോദിച്ചു നിങ്ങൾക്ക് എന്നെ എങ്ങനെ അറിയാം?
എനിക്കറിയാം എന്ന് മാത്രം മറുപടി പറഞ്ഞുകൊണ്ട് ഞാൻ സംസാരം തുടർന്നു. ഡേവിഡ് എന്റെ കണ്ണുകളിലേക്ക് നോക്കി. കണ്ണുകൾ ചുവന്നിരിക്കുന്നത് അവന് കാണാമായിരുന്നു. അവൻ എന്തോ സംസാരിക്കാൻ ശ്രമിച്ചു. സംസാരിക്കരുത് എന്ന് ഞാൻ കൈ കാണിച്ചു. 


മേരിയുടെ പേര് എവിടെയും പരമാർശിക്കാതെ നടന്ന എല്ലാ സംഭവങ്ങളും ഞാൻ വിവരിച്ചുകൊടുത്തു. മോതിരം മാറലിന്റെ മുൻപുള്ള കാര്യം തൊട്ട് ചടങ്ങ് തീർന്ന് കാർ ആക്‌സിഡന്റ് ഉണ്ടാക്കിയതും ആൽവിൻ തൽക്ഷണം മരിച്ചതും ആക്‌സിഡന്റിന് ശേഷം മേരി 45 ദിവസം വെന്റിലേറ്ററിൽ കിടന്നതും. അതിനു ശേഷം വീട്ടിൽ വെച്ച്  മരിച്ചതും വരെയുള്ള കാര്യങ്ങൾ ഒന്നും വിടാതെ ഞാൻ പറഞ്ഞു കൊടുത്തു. അവൻ ഞെട്ടിപ്പോയി. അവൻ വീണ്ടും എന്തോ പറയാൻ ശ്രമിച്ചു. ഞാൻ പറയുന്നത് മാത്രം നിങ്ങൾ ശ്രദ്ധിച്ചു കേൾക്കുക -ഞാൻ ഗൗരവത്തോടെ പറഞ്ഞു. എന്നിട്ട് ചോദിച്ചു: നിങ്ങൾ എന്തിനാണ് ആ പാവം ആൽവിനെയും മേരി്വയയും കൊന്നുതള്ളിയത്? പൊടുന്നനവെ അയാൾ വിറക്കുന്നതും ശ്വാസം കിട്ടാതെ ബുദ്ധിമുട്ടുന്നതും കണ്ടു. 
അയാൾ കടുത്ത ആഘാതമേറ്റ പോലെയായി: ഞാൻ തുടർന്നു- യൂ കിൽഡ് മേരി ആന്റ് ആൽവിൻ...


എല്ലാ കാര്യങ്ങളും ഞാൻ വീണ്ടും അവനോട് ആവർത്തിച്ചുകൊണ്ടിരുന്നു. ഒരു ഭ്രാന്തനെപ്പോലെ അയാളാകെ അടിമുടി വിറച്ചിരിക്കുന്നു. അയാൾ നന്നായി വിയർക്കുന്നുണ്ടായിരുന്നു. മേശപ്പുറത്തിരിക്കുന്ന ടിഷ്യൂ പേപ്പർ കൊണ്ട് അയാൾ മുഖവും നെറ്റിയും തുടയ്ക്കുന്നത് കാണാമായിരുന്നു, പ്രതികരണ ശേഷി നഷ്ടപ്പെട്ടവനെപ്പോലെ.  
ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു.


 ഡേവിഡ് ഓകെ. നമുക്ക് വീണ്ടും കാണാം, വീണ്ടും വരും എന്ന് പതുക്കെ പറഞ്ഞ് ഞാൻ കസേരയിൽ നിന്ന് എഴുന്നേറ്റു പുറത്തേക്കു നടന്നു.
ഞാൻ തിരിഞ്ഞുപോലും നോക്കാതെ കാറിലേക്ക് തിരിച്ചുപോന്നു. അയാളെന്നെ പിന്തുടരുന്നുണ്ടോ എന്ന് ഞാൻ കൂടെക്കൂടെ കാറിൽ നിന്നും നോക്കിക്കൊണ്ടിരുന്നു. വീട്ടിൽ തിരിച്ചെത്തിയ  ഞാൻ അപ്പോഴും ആലോചിക്കുകയായിരുന്നു. എല്ലാം അയാൾ ശരിവെച്ചിരിക്കുന്നു. ഡേവിഡിന്റെ ശരീര ഭാഷയിൽ നിന്ന് എല്ലാം വ്യക്തമായിരുന്നു. അയാൾ കുറ്റം ചെയ്തിരിക്കുന്നു. അതെ, അയാൾ ഒരു ബോൺ ക്രിമിനലാെണന്നെനിക്ക് തോന്നി.
തലേന്ന് രാത്രി ശരിക്ക് ഉറങ്ങാൻ കഴിയാത്തതുകൊണ്ടു ഞാൻ നേരത്തെ കിടന്നുറങ്ങി. അന്ന് രാത്രിയും വാട്ടർ ഡിസ്‌പെൻസറിൽ നിന്നും വെള്ളം കുമിളകൾ മുകളിലേക്ക് പോകുന്ന ശബ്ദം കേൾക്കാമായിരുന്നു. നേരം പുലർന്നു ഞാൻ സാധാരണ ജോലികളിൽ മുഴുകി.


ഡേവിഡിനെ വീണ്ടും പോയി കാണണമെന്ന് എന്നെ ആരോ പ്രേരിപ്പിക്കുന്നത് പോലെ തോന്നി. വീണ്ടും സംസാരിക്കണമെന്ന് ആരോ എന്നോട് മന്ത്രിക്കുന്നത് പോലെയും. 
ഡേവിഡിനെ കാണാൻ ഞാൻവീണ്ടും പുറപ്പെട്ടു. വീട്ടിൽ നിന്നും പുറപ്പെടുമ്പോൾ കൈയിൽ വേസ്റ്റ് കീസ് ഉണ്ടായിരുന്നു. അത് ഗാർബേജിൽ നിക്ഷേപിക്കാൻ ഞാൻ ഗാർബേജ് ബോക്‌സിനടുത്തേക്ക് പോയി, ഗാർബേജ് ബോക്‌സിനു അടുത്ത് ഒരു പ്രായമായ സ്ത്രീ നിൽക്കുന്നുണ്ട്. നല്ല പ്രായം തോന്നിക്കുന്ന ഒരു ആഫ്രിക്കൻ സ്ത്രീ. കണ്ടാൽ ഒരു അമ്മൂമ്മയെ പോലെ തോന്നിക്കുന്ന മെലിഞ്ഞൊട്ടിയ ഒരു പാവം സ്ത്രീ. ആ സ്ത്രീ ഗാർബേജ് പെട്ടിയിൽനിന്നും പഴയ സോഫ്റ്റ് ഡ്രിംഗ് കുടിച്ച് ഉപേക്ഷിച്ച ടിന്നുകൾ പെറുക്കിയെടുക്കുകയായിരുന്നു. ഈ കൊറോണക്കാലത്തും ഇത് ചെയ്യാൻ ധൈര്യപ്പെടുന്നത് എങ്ങനെയാണെന്ന് ഞാൻ മനസ്സിൽ വിചാരിച്ചു. ഞാൻ ആ സ്ത്രീയോട് ചിരിച്ചുകൊണ്ട് ചോദിച്ചു: നിങ്ങൾക്ക് ഒരു പേടിയും ഇല്ലേ, കെറോണ പടർന്നുപിടിച്ചിരിക്കുന്ന ഈ സമയത്ത് ഈ ജോലി ചെയ്യാൻ. അവർ ചിരിച്ചുകൊണ്ട് ഉത്തരം പറഞ്ഞു: വിശപ്പിന് എന്ത് കൊറോണ, ഞാൻ കേട്ട് ചിരിച്ചുകൊണ്ട് വീണ്ടും ചോദിച്ചു: നിങ്ങൾക്ക് ഒരു ദിവസം ഈ ടിന്നുകൾ പെറുക്കി വിറ്റാൽ എത്ര കാശ് കിട്ടും.' അവർ എന്നോടും ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു, ഏകദേശം 25 മുതൽ 30 റിയാൽ വരെ ഒരു ദിവസം കിട്ടുമെന്ന്. ഞാൻ പഴ്‌സിൽ നിന്നും ഒരു നൂറിന്റെ റിയാലെടുത്ത് ആ സ്ത്രീയുടെ മുന്നിലേക്ക് നീട്ടി. സ്വൽപം മടിച്ചാണെങ്കിൽ പോലും അവരത് വാങ്ങി.


ഡേവിഡിനെ അന്വേഷിച്ച് ഒരിക്കൽ കൂടി പുറപ്പെട്ടു. അയാളുടെ ഓഫീസ് ബിൽഡിംഗിന്റെ താഴെയെത്തി ഞാൻ കാർ ഒതുക്കി. ഒരു ഭാഗത്തേക്ക് പാർക്ക് ചെയ്ത് അവനു വേണ്ടി വെയിറ്റ് ചെയ്തിരുന്നു, ആ സമയം ഞാൻ എന്റെ ഓഫീസിൽ വിളിച്ച് മീറ്റിംഗിൽ നിന്നും മാറിനിൽക്കാൻ ഒരു എസ്‌ക്യൂസും പറഞ്ഞു. ഡേവിഡിന് വേണ്ടി വെയിറ്റ് ചെയ്തു.
ഡേവിഡ് അതാ വരുന്നു, ഒരു പ്രീമിയം കാർ ഡ്രൈവ് ചെയ്താണ് അവൻ വരുന്നത്. എന്നെ ശ്രദ്ധിച്ചിട്ടുണ്ട് എന്നു തോന്നുന്നു, അവൻ കാർ പാർക്ക് ചെയ്യാൻ പോയി. ഞാൻ പുറത്തിറങ്ങി കാർ ലോക്ക് ചെയ്തു. അതാ അവൻ കാർ പാർക്ക് ചെയ്യാതെ വീണ്ടും പുറത്തേക്ക് വരുന്നു, അവൻ എന്നെ കാണാത്തതു പോലെ ഡ്രൈവ് ചെയ്തു പുറത്തേക്ക് പോയി. ഞാൻ ഓടി വന്നു എന്റെ കാറെടുത്ത് അവനെ പിന്തുണർന്നു. എന്നെ അവൻ കാറിന്റെ റിയർ വ്യൂയിലൂടെ നോക്കുന്നത്  കാണാമായിരുന്നു. റോഡ് വലിയ തിരക്കില്ലാതെ ഒഴിഞ്ഞു കിടക്കുകയാണ്. കർഫ്യൂ ആയതുകൊണ്ട് ആരും വല്ലാതെ റോഡിൽ കാർ ഓടിച്ചു നടക്കുന്ന സമയം അല്ല. 


പാസുള്ളവർക്ക് മാത്രമേ ലോംഗ് ഡിസ്റ്റൻസിൽ ഡ്രൈവ് ചെയ്യാൻ അനുമതിയുള്ളൂ. അവനെ ഞാൻ പിന്തുടർന്നുകൊണ്ടിരുന്നു. അവൻ മെയിൻ റോഡ് കടന്ന് ഹൈവേയിലേക്ക് കയറാൻ ശ്രമിക്കുകയാണ്. ഹൈവേയിലേക്ക് കടക്കുന്നതിനു മുമ്പ് ഒരു അണ്ടർപാസ് വഴിയിലൂടെ കയറി വേണം ഹൈവേയിലേക്ക് കയറാൻ. അവന്റെ കാറിന്റെ വേഗം കൂടിക്കൊണ്ടിരുന്നു. ഞാനും എന്റെ കാറിന്റെ വേഗം കൂട്ടി. എനിക്ക് അവനെ തൊട്ടടുത്തു കാണാമായിരുന്നു. ഓവർബ്രിഡ്ജ് പിന്നിട്ട് മെയിൻ ഹൈവേയിൽ എത്തി. സ്പീഡ് ലിമിറ്റ് ഫോളോ ചെയ്യാൻ നിർബന്ധിതാനായതിനാൽ ഞാൻ പിൻമാറി. അടുത്ത എക്‌സിറ്റിലൂടെ ഞാൻ ഡ്രൈവ് ചെയ്ത് എന്റെ വീട്ടിലേക്ക് മടങ്ങി.


ഞാൻ വീട്ടിലെത്തി ജോലിയിലും ഭക്ഷണ പാചകത്തിലും ടി.വിയിലും ഇന്റർനെറ്റിലും സമയം കളഞ്ഞ് വൈകുന്നേരമാക്കി. ഡേവിഡിന് എന്നെ കാണാനും സംസാരിക്കാനും താൽപര്യമില്ല. അയാൾ ഭയപ്പെട്ടിരുന്നുവെന്ന് ചലനങ്ങൾ കണ്ടാലറിയാം. അയാൾ ഭയപ്പെട്ടിരിക്കുന്നുവോ അതോ, അയാൾ വേറെ എന്തെങ്കിലും പ്ലാൻ ചെയ്യുകയായിരിക്കുമോ?
രാത്രി ഏകദേശം പത്തു മണി ആയിരിക്കുന്നു, ഞാൻ ഭക്ഷണം നേരത്തെ കഴിച്ചു ഇത്തിരി നേരത്തെ ഉറങ്ങാം എന്ന് വിചാരിച്ച് സോഫയിൽ ഇരുന്നു ടി.വി കണ്ടുകൊണ്ടിരിക്കുകയാണ്, ആ സമയം ആരോ കോളിംഗ് ബെൽ അടിച്ചു. എനിക്ക് വീണ്ടും അതിശയം തോന്നി. എല്ലാവർക്കും ഈ ലോക്ഡൗൺ ടൈമിൽ രാത്രി 10 മണിക്കേ വരാൻ പറ്റുള്ളൂ. ആരാണ് ഈ സമയത്ത് വരുന്നത് എന്ന് വിചാരിച്ചു ഞാൻ ഡോറിന്റെ അടുത്തേക്ക് നടന്നു. ഡോറിൽ ഘടിപ്പിച്ചിരിക്കുന്ന ലെൻസിലൂടെ പുറത്തേക്ക് നോക്കി. ഞാൻ ഞെട്ടിപ്പോയി. കണ്മുന്നിൽ ഡേവിഡ്. എന്തു ചെയ്യണമെന്നറിയാതെ ഒരു നിമിഷം ഷോക്കേറ്റതു പോലെ നിന്നു. 


അവൻ എങ്ങനെ എന്റെ വീട് കണ്ടുപിടിച്ചു. ഈ അസമയത്ത് എന്നെ തേടിയെത്തിയിരിക്കുന്നത് എന്തിനായിരിക്കും. ഞാൻ എല്ലാം അറിഞ്ഞിരിക്കുന്നു എന്ന് കരുതി എന്നെ അപായപ്പെടുത്താൻ വന്നതാവുമോ എന്നു ഞാൻ ഭയപ്പെട്ടു, എന്താണ് അയാളുടെ ഉദ്ദേശ്യം. ഒരു പിടിയുമില്ല. വാതിൽ തുറന്നാൽ എന്ത് സംഭവിക്കും. ലെൻസിലൂടെ വീണ്ടും നോക്കി. അയാൾ ഒറ്റക്കാണ്. കൂടെ ആരുമില്ല. എന്തും വരട്ടെ എന്ന് വിചാരിച്ചു ധൈര്യം സംഭരിച്ച് ഞാൻ വാതിൽ തുറന്നു.

 

 

Latest News