ശ്രീനഗര്‍- കശ്മീരില്‍ സൈനിക സേവനത്തിനിടെ കാണാതായ ജവാന്റെ മൃതദേഹം എട്ടു മാസങ്ങള്‍ക്കു ശേഷം അതിര്‍ത്തി നിയന്ത്ര രേഖയ്ക്കടുത്ത് മഞ്ഞിനടിയില്‍ നിന്ന് ലഭിച്ചു. ജനുവരിയിലുണ്ടായ കടുത്ത മഞ്ഞുവീഴ്ചയ്ക്കിടെ അപകടത്തില്‍പ്പെട്ട കാണാതായ ഹവില്‍ദാര്‍ രാജേന്ദ്ര സിങ് നേഗിയുടെ (36) മൃതദേഹമാണ് ലഭിച്ചത്. കരസേനയുടെ 11 ഗര്‍വാള്‍ റൈഫിള്‍സില്‍ ജവാനായിരുന്നു നേഗി. നേഗിയെ കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് കരസനേ അദ്ദേഹത്തെ ജൂണില്‍ രക്തസാക്ഷിയായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കുടുംബം ഇത് അംഗീകരിച്ചിരുന്നില്ല. മൃതദേഹം നേരിട്ടു കാണാതെ രക്തസാക്ഷിയായി അംഗീകരിക്കില്ലെന്ന് നേഗിയുടെ ഭാര്യ രാജേശ്വരി ദേവി പറഞ്ഞിരുന്നു. സ്വാതന്ത്ര്യ ദിനത്തില്‍ വൈകീട്ടാണ് സേന നേഗിയുടെ മൃതദേഹം ലഭിച്ച വിവരം കുടുംബത്തെ അറിയിച്ചത്. തിരച്ചിലിനിടെ വലിയ മഞ്ഞുപാളികള്‍ക്കടിയില്‍ നിന്ന് മൃതദേഹം ലഭിച്ചു എന്നാണ് സേന അറിയിച്ചതെന്ന് നേഗിയുടെ സേനാ യൂണിറ്റില്‍ നിന്നുള്ള ഫോണ്‍ വിളി ലഭിച്ച നേഗിയുടെ അമ്മാവന്‍ രഘുവീര്‍ സിങ് നേഗി പറഞ്ഞു.