മുംബൈ- രാജ്യത്തെ സ്വയം പര്യാപ്തമാക്കി കോവിഡിനെ നേരിടാൻ രാജ്യത്തെ തയ്യാറെടുപ്പിക്കും എന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രഖ്യാപനം യഥാർത്ഥത്തിൽ നടപ്പാക്കിയത് റഷ്യയാണെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. ആത്മനിർഭർ എന്താണെന്ന് കോവിഡ് വാക്‌സിൻ വികസിപ്പിച്ചെടുത്ത് റഷ്യ ലോകത്തിന് കാണിച്ചുകൊടുത്തുവെന്നും റാവത്ത് പറഞ്ഞു. ലോകത്തിന്റെ സൂപ്പർ പവറായി റഷ്യ മാറുന്നുവെന്നതിന്റെ സൂചനയാണിത്. എന്നാൽ അമേരിക്കൻ ഭക്തരായ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾ റഷ്യയുടെ നേട്ടത്തെ പിന്തുണക്കാനോ മാതൃകയാക്കാനോ ശ്രമിക്കില്ല. ലോകത്താകമാനം റഷ്യയുടെ വാക്‌സിനെതിരെ ശബ്ദമുയർന്നപ്പോൾ സ്വന്തം മകളെ തന്നെ വാക്‌സിൻ പരീക്ഷണത്തിന് പറഞ്ഞയച്ച് റഷ്യൻ പ്രസിഡന്റ് വഌദമിർ പുട്ടിൻ വെല്ലുവിളിയെ നേരിട്ടു. സ്വന്തം ജനക്ക് ആത്മവിശ്വാസം നൽകുകയാണ് പുട്ടിൻ ചെയ്തത്. ഇന്ത്യയിൽ ഇപ്പോഴും ആത്മനിർഭർ എന്ന പ്രസംഗിക്കാൻ മാത്രമേ കഴിഞ്ഞിട്ടുള്ളൂവെന്നും ശിവസേനയുടെ മുഖപത്രമായ സാമ്‌നയിൽ എഴുതിയ ലേഖനത്തിൽ റാവത്ത് പറഞ്ഞു.