തിരുവനന്തപുരം- പെട്രാളും ഡീസലും ചരക്കു സേവന നികുതിയിൽ (ജിഎസ്ടി) ഉൾപ്പെടുത്തിയാൽ കേരളത്തിന് ആയിരത്തിലേറെ കോടി രൂപയുടെ വരുമാന നഷ്ടമുണ്ടാകുമെന്ന് ധനകാര്യ മന്ത്രി തോമസ് ഐസക്. ഈ നഷ്ടം നികത്താൻ കേന്ദ്രം തയാറാണെങ്കിൽ ഇന്ധന വിൽപ്പനയ്ക്കും ജിഎസ്.ടി ഏർപ്പെടുത്തുന്നതിൽ കേരളത്തിന് എതിർപ്പില്ലെന്നും മന്ത്രി വ്യക്തമാക്കി. പെട്രോളും ഡീസലും ജിഎസ്.ടിയിൽ ഉൾപ്പെടുത്തുമെന്ന ജിഎസ്.ടി സംബന്ധിച്ച മന്ത്രിതല സമിതി അധ്യക്ഷൻ ബിഹാർ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദിയുടെ നിർദേശത്തോട് പ്രതികരിക്കവെയാണ് തോമസ് ഐസക് കേരളത്തിന്റെ നിലപാട് വ്യക്തമാക്കിയത്.
ഇക്കാര്യത്തിൽ സംസ്ഥാനങ്ങളുടെ അഭിപ്രായ ഐക്യം മാത്രമാണ് വേണ്ടതെന്നും സുശീൽ കുമാർ മോദി പറഞ്ഞിരുന്നു. എന്നാൽ ആത്മാർത്ഥയുണ്ടെങ്കിൽ പെട്രോളിയം ഉൽപ്പന്നങ്ങളുടെ വർധിപ്പിച്ച നികുതി കുറക്കാൻ കേന്ദ്ര സർക്കാർ തയാറാകണമെന്ന് തോമസ് ഐസക് ആവശ്യപ്പെട്ടു. ഇതു കുറച്ചാൽ കേരളത്തിലെ നികുതി ലീറ്ററിന് ആറു രൂപ കുറയും. കേന്ദ്രം നികുതി ഭാരം കുറക്കാതെ വിലവർധനയുടെ ഭാരം മറ്റുള്ളവരുടെ മേൽ കെട്ടിവയ്ക്കുന്നതു ശരിയല്ലെന്നും തോമസ് ഐസക് വ്യക്തമാക്കി.
പെട്രോൾ ലീറ്ററിന് 19.48 രൂപയാണ് കേന്ദ്ര നികുതി. സംസ്ഥാന നികുത 17.94 രൂപയും. ഒരു ലീറ്റർ പെട്രോളിന് നികുതി ഇനത്തിൽ മാത്രം ഉപഭോക്താവ് നൽകേണ്ടി വരുന്നത് 36.05 രൂപയാണ്. എന്നാൽ ജിഎസിടിയിലെ ഏറ്റവും ഉയർന്ന നിരക്കായ 28 ശതമാനം ചുമത്തിയാൽ പോലും പെട്രോൾ ലീറ്ററിന് 50 രൂപയിൽ കുറച്ചു വിൽക്കാൻ കഴിയും. നിലവിൽ ലീറ്ററിന് 74 രൂപയാണ് വില.