ന്യൂദല്‍ഹി- കേന്ദ്ര സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന ബിജെപിയെ പിണക്കാതിരിക്കാന്‍ ബിജെപി നേതാക്കളുടെ മുസ്‌ലിം വിരുദ്ധ വിദ്വേഷ, വര്‍ഗീയ പോസ്റ്റുകള്‍ ഫേസ്ബുക്ക് ഇന്ത്യ കണ്ടില്ലെന്നു നടിച്ചതായി അമേരിക്കന്‍ പത്രമായ വോള്‍ സ്ട്രീറ്റ് ജേണല്‍ റിപോര്‍ട്ട്. ഫേസ്ബുക്കിന്റെ വിദ്വേഷ പ്രചാരണം തടയുന്നതിനുള്ള ചട്ടങ്ങള്‍ ബിജെപി നേതാവിനും 'ഹിന്ദു ദേശീയവാദികളായ വ്യക്തികള്‍ക്കും സംഘടനകള്‍ക്കും' ബാധകമാക്കേണ്ടതില്ലെന്ന് ഇന്ത്യയിലെ ഉന്നത ഫേസ്ബുക്ക് ഉദ്യോഗസ്ഥ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയതായും വോള്‍ സ്ട്രീറ്റ് ജേണല്‍ റിപോര്‍ട്ട് ചെയ്യുന്നു. ഫേസ്ബുക്കിലെ മുന്‍ജീവനക്കാരുടേയും ഇപ്പോഴും ഫേസ്ബുക്കില്‍ ജോലി ചെയ്യുന്ന, പേരുവെളിപ്പെടുത്താത്ത ജീവനക്കാരേയും ഉദ്ധരിച്ചാണ് യുഎസ് പത്രത്തിന്റെ റിപോര്‍ട്ട്. അക്രമം പ്രോത്സാഹിപ്പിക്കുന്ന ഈ വിദ്വേഷപരമായ പോസ്റ്റുകള്‍ക്കെതിരെ ഫേസ്ബുക്കിനുള്ളില്‍ നിന്നു തന്നെ എതിര്‍പ്പുണ്ടായിരുന്നുവെന്നും റിപോര്‍ട്ടിലുണ്ട്.
പതിവായി വിദ്വേഷ പോസ്റ്റുകളിട്ട് കുപ്രസിദ്ധനായ തെലങ്കാനയിലെ ബിജെപി എംഎല്‍എ ടി രാജ സിങിന്റെ കടുത്ത മുസ്‌ലിം വിരുദ്ധ പോസ്റ്റുകള്‍ക്കെതിരെ ഫേസ്ബുക്ക് ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് പത്രം ചൂണ്ടിക്കാട്ടുന്നു. നിരന്തരം വിദ്വേഷം നിറഞ്ഞ പോസ്റ്റുകളും അക്രമത്തിന് ആഹ്വാനവും ചെയ്യുന്ന ഇയാളുടെ പോസറ്റുകള്‍ക്കെതിരെ നടപടി എടുത്താല്‍ അത് ഇന്ത്യയിലെ ഭരണകക്ഷിയും ഫേസ്ബുക്കും തമ്മിലുള്ള ബന്ധം തകര്‍ക്കുമെന്ന് ഫസ്ബുക്ക് ഇന്ത്യയുടെ പബ്ലിക് പോളിസി ഡയറക്ടര്‍ അംഘി ദാസ് ജീവനക്കാര്‍ക്ക് മുന്നറിയിപ്പു നല്‍കുകയായിരുന്നു. വിദ്വേഷ പോസ്റ്റുകള്‍ക്കെതിരെ ഫേസ്ബുക്കിന്റെ വിദ്വേഷ പ്രചരണ വിരുദ്ധ ചട്ടപ്രകാരം നിയന്ത്രമേര്‍പ്പെടുത്താനും നടപടി എടുക്കാനുമുള്ള ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ നീക്കത്തെ അംഘി ദാസ് ബിജെപി-ഫേസ്ബുക്ക് ബന്ധം ചൂണ്ടിക്കാട്ടി എതിര്‍ക്കുകയായിരുന്നു. ഫേസ്ബുക്കിനു വേണ്ടി ഇന്ത്യന്‍ സര്‍ക്കാരില്‍ ലോബിയിങ് നടത്തുകയാണ് അംഘി സിങിന്റെ പ്രാധന ജോലി. മോഡിയുടെ പാര്‍ട്ടിക്കാരായ രാഷ്ട്രീയക്കാരുടെ ഫേസ്ബുക്കിലെ ചട്ടലംഘനപരമായ പോസ്റ്റുകള്‍ക്കെതിരെ നടപടി എടുത്താല്‍ ഇന്ത്യയിലെ കമ്പനിയുടെ ബിസിനസിനെ അത് ബാധിക്കുമെന്നാണ് അംഘി ദാസ് സ്റ്റാഫിനോട് പറഞ്ഞത്- വോള്‍ സ്ട്രീറ്റ് ജേണല്‍ റിപോര്‍ട്ട് വ്യക്തമാക്കുന്നു.
ബിജെപി എംഎല്‍എ രാജ സിങിനു വേണ്ടിയുള്ള അംഘി ദാസിന്റെ ഇടപെടലുകള്‍ മോഡിയുടെ ബിജെപിയോടും തീവ്ര ഹിന്ദുവാദികളോളുമുള്ള ഫേസ്ബുക്കിന്റെ വിശാലമായ അനുകൂല സമീപനത്തിന്റെ ഭാഗമാണെന്ന് ഫേസ്ബുക്ക് ജീവനക്കാരും മുന്‍ ജീവനക്കാരും പറഞ്ഞതായും വോള്‍ സ്ട്രീറ്റ് ജേണല്‍ റിപോര്‍ട്ട് വ്യക്തമാക്കുന്നു.
കൊറോണ വൈറസ് മുസ്‌ലിംകള്‍ മനപ്പൂര്‍വം പരത്തിയതാണെന്ന തെറ്റായ വിവരവും മുസ്‌ലിംകള്‍ രാജ്യത്തിനെതിരാണെന്നും ലവ് ജിഹാദിനെ കുറിച്ചുള്ള വ്യാജ പ്രചരണങ്ങള്‍ ഫേസ്ബുക്കില്‍ നടത്തിയപ്പോഴും ബിജെപിക്കാരായ രാഷ്ട്രീയക്കാര്‍ക്കെതിരെ അംഘി ദാസിന്റെ ടീം ഒരു നടപടിയും എടുത്തില്ലെന്നും റിപോര്‍ട്ട് പറയുന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അംഘി ദാസ് ബിജെപിയോട് അനുകൂലമായ സമീപനമാണ് സ്വീകരിച്ചതെന്ന് പേരു വെളിപ്പെടുത്താത്ത ഒരു മുന്‍ഫേസ്ബുക്ക് സ്റ്റാഫ് വോള്‍ സ്ട്രീറ്റ് ജേണലിനോട് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പിനു ദിവസങ്ങള്‍ക്കു മുമ്പ് ഫേസ്ബുക്ക് കോണ്‍ഗ്രസ് അനൂകൂല പേജുകളും പാക്കിസ്ഥാന്‍ അനൂകല പേജുകളും നീക്കം ചെയ്തതായും റിപോര്‍ട്ടില്‍ പറയുന്നു.
വോള്‍സ്ട്രീറ്റ് ജേണല്‍ റിപോര്‍ട്ടര്‍മാര്‍ ഫേസ്ബുക്കിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്നതു വരെ ബിജെപി നേതാവ് രാജ സിങ്, ബിജെപി എംപി അനന്ത്കുമാര്‍ ഹെഗ്‌ഡെ തുടങ്ങിയവരുടെ മുസ് ലിം വിരുദ്ധ പോസ്റ്റുകള്‍ ഫേസ്ബുക്ക് നീക്കം ചെയ്തിരുന്നില്ല. ഈ പോസ്റ്റുകളെ കുറിച്ച് റിപോര്‍ട്ടര്‍മാര്‍ അന്വേഷിച്ചതിനു ശേഷമാണ് ഇവരുടെ പല പോസ്റ്റുകളും നീക്കം ചെയ്്തത്. കൊറോണ ജിഹാദിനെ കുറിച്ചുള്ള ഹെഗ്‌ഡെയുടെ പോസ്റ്റുകള്‍ വ്യാഴാഴ്ച മാത്രമാണ് ഫേസ്ബുക്ക് നീക്കം ചെയ്യുന്നത്.
300 ദശലക്ഷത്തോളം ഉപയോക്താക്കളുള്ള ഇന്ത്യയാണ് ഫേസ്ബുക്കിന്റെ ഏറ്റവും വലിയ വിപണി. കൂടാതെ 400 ദശലക്ഷത്തോളം ഉപയോക്താക്കളുള്ള വാട്്‌സാപ്പും ഫേസ്ബുക്കിന്റേതാണ്. കുതിച്ചുയരുന്ന ഇന്ത്യയിലെ ഡിജിറ്റല്‍ പേമെന്റ് വിപണി കീഴടക്കാന്‍ സര്‍ക്കാരിന്റെ അനുമതിക്കായി കാത്തിരിക്കുകയാണ് ഫേസ്ബുക്ക്. റിലയന്‍സ് ജിയോയുമായുളള 5.7 ശതകോടി ഡോളറിന്റെ കൂട്ടുകെട്ടിലൂടെ ഇന്ത്യല്‍ പ്രവര്‍ത്തനം ഇനിയും വിപുലപ്പെടുത്താനാണ് ഫേസ്ബുക്ക് പദ്ധതി.