സിംഗപ്പൂര്‍ സിറ്റി- ഇന്ത്യന്‍ ജീവനക്കാര്‍ക്കെതിരെ വിദ്വേഷവും അസഹിഷ്ണുതയും വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റുകള്‍ തള്ളി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പ്രശസ്ത നിക്ഷേപ കമ്പനി രംഗത്ത്. ടെമാസെക് ഹോള്‍ഡിംഗ്‌സ് കമ്പനിയുടെ ജീവനക്കാരില്‍ ചിലരാണ് വിദ്വേഷ, വംശീയ പ്രചാരണത്തിനു പിന്നില്‍.
സിംഗപ്പൂര്‍ സമൂഹത്തില്‍ വിദേഷത്തിനും ഭീതിക്കും വര്‍ഗീയതക്കും സ്ഥാനമില്ലെന്ന് കമ്പനി നല്‍കിയ പ്രസ്താവനയില്‍ പറയുന്നു. കമ്പനിയുടെ ഉന്നത തസ്തികകളില്‍ എന്തുകൊണ്ട് ഇന്ത്യക്കാരെ നിയമിക്കുന്നുവെന്ന് ചോദിച്ചു കൊണ്ടാണ് ഏതാനും പേര്‍ തങ്ങളുടെ യോഗ്യതകളടങ്ങിയ ലിങ്ക്ഡ് ഇന്‍ പ്രൊഫൈലുകള്‍ സഹിതം ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഇത്തരം നടപടികള്‍ ലജ്ജാകരമാണെന്നും ഇന്ത്യക്കാരായ ജീവനക്കാരോടൊപ്പം നില്‍ക്കുന്നുവെന്നും കമ്പനി വ്യക്തമാക്കി.
സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലെ കമ്മ്യൂണിറ്റി മാര്‍ഗനിര്‍ദേശങ്ങള്‍ വ്യക്തമായി ലംഘിക്കുന്ന പോസ്റ്റുകള്‍ക്കെതിരെ ഫേസ്ബുക്കിന് റിപ്പോര്‍ട്ട് ചെയ്തതായും ടെമാസെക് പ്രസ്താവനയില്‍ പറഞ്ഞു.
ഇത്തരം വിദ്വേഷ പ്രചാരണം തടയുന്നതിന് ജാഗ്രത പുലര്‍ത്തുമെന്ന് ഇന്ത്യയില്‍ സിംഗപ്പൂര്‍ നിക്ഷേപത്തിനു നേതൃത്വം നല്‍കുന്ന കമ്പനി ഉറപ്പു നല്‍കി. മെറിറ്റ്, മികവ്, സമഗ്രത തുടങ്ങിയ മൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ടെമാസെക്കിന്റെ റിക്രൂട്ട്‌മെന്റുകളെന്നും തൊലിയുടെ നിറമോ പാസ്‌പോര്‍ട്ടിന്റെ നിറമോ പരിഗണിക്കാറില്ലെന്നും കമ്പനി പറഞ്ഞു. ആഗോള പ്രതിഭകളെ പ്രയോജനപ്പെടുത്താതിരുന്നാല്‍ സജീവമായ ആഗോള നിക്ഷേപകരെന്ന നിലയില്‍ തങ്ങളുടെ ഭാഗത്തുനിന്നുള്ള വലിയ വിഡ്ഢിത്തമാകുമെന്നും പ്രസ്താവനയില്‍ തുടര്‍ന്നു.
എട്ട് രാജ്യങ്ങളിലെ ഓഫീസുകളിലായി 32 രാജ്യക്കാര്‍ കമ്പനിയില്‍ ജോലി ചെയ്യുന്നുണ്ട്. സിംഗപ്പൂരിലെ കമ്പനി ആസ്ഥാനത്ത് ജോലി ചെയ്യുന്ന 600 ജീവനക്കാരില്‍ 90 ശതമാനവും സിംഗപ്പൂര്‍ പൗരന്മാരോ സ്ഥിര താമസക്കാരോ ആണ്. മാനേജിംഗ് ഡയറക്ടര്‍മാരടക്കമുള്ള ഉയര്‍ന്ന തസ്തികകളിലും ഇതുതന്നെയാണ് സ്ഥിതിയെന്നും കമ്പനിയെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.
സിംഗപ്പൂരിന് പുറമെ ചൈന (9%), അമേരിക്ക (7%), ഇന്ത്യ (6%), യു.കെ (3%), മലേഷ്യ (3%) എന്നിങ്ങനെയാണ് ജീവനക്കാരുടെ ഘടന.
നിയമന നടപടികളില്‍ തുടരുന്ന വിവേചനത്തിന്റെ പേരില്‍ സിംഗപ്പൂര്‍ മാനവശേഷി മന്ത്രാലയം കഴിഞ്ഞയാഴ്ച 47 തൊഴിലുടമകളെ നിരീക്ഷണ പട്ടികയില്‍ ഉള്‍പ്പെടുത്തിയതിനു പിന്നാലെയാണ് സോഷ്യല്‍ മീഡിയയില്‍ ഇന്ത്യക്കാര്‍ക്കെതിരായ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടത്. 47 കമ്പനികളില്‍ 30 എണ്ണം ധനകാര്യ സേവന, പ്രൊഫഷണല്‍ സേവന മേഖലകളില്‍ നിന്നുള്ളവയാണ്.
നിരീക്ഷണത്തിലുള്ള കമ്പനികള്‍ നല്‍കുന്ന എംപ്ലോയ്‌മെന്റ് പാസ് അപേക്ഷകള്‍ സൂക്ഷ്മമായി പരിശോധിക്കും.
പ്രാദേശിക റിക്രൂട്ട്‌മെന്റ് നടത്താനും സിംഗപ്പൂര്‍ പ്രതിഭകളെ വളര്‍ത്താനും ധനകാര്യ സ്ഥാപനങ്ങളോട് മോണിറ്ററി അതോറിറ്റി ഓഫ് സിംഗപ്പൂര്‍ (മാസ്) കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. നേതൃപാടവങ്ങളില്‍ ഉയര്‍ന്ന ശേഷിയുള്ള സിംഗപ്പൂര്‍ പൗരന്മാരെ കണ്ടെത്താനും നാട്ടുകാരുടെ നിയമനം വര്‍ധിപ്പിക്കാനുമാണ് ധനകാര്യ സ്ഥാപനങ്ങള്‍ക്ക് മാസ് നല്‍കിയ നിര്‍ദേശം.