ചെന്നൈ- കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. അദ്ദേഹം ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ഐ.സി.യുവില്‍ തുടരുന്നതെന്നും ശനിയാഴ്ച പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.
ചെന്നൈ അരുമ്പാക്കം നെല്‍സണ്‍മാണിക്കം റോഡിലുള്ള എം.ജി.എം. ഹെല്‍ത്ത് കെയര്‍ ആശുപത്രിയിലാണ് എസ്.പി.ബി. ചികിത്സയിലുള്ളത്. ഓഗസ്റ്റ് അഞ്ചിനാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഓഗസ്റ്റ് 13 രാത്രി വരെ ആരോഗ്യനില തൃപ്തികരമായിരുന്നു. വ്യാഴാഴ്ച രാത്രിയോടെയാണ് ആരോഗ്യനില മോശമാവുകയും ഐ.സി.യുവിലേക്ക് മാറ്റുകയും ചെയ്തത്.
എസ്.പി.ബിക്ക് രോഗമുക്തി ആശംസിച്ച് നിരവധി സെലിബ്രിറ്റികളാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയത്. ബാലു വേഗം തിരിച്ചുവരൂ എന്ന് പറഞ്ഞ് സംഗീതജ്ഞന്‍ ഇളയരാജ ഇട്ട പോസ്റ്റ് വളരെ വേഗം വൈറലായിരുന്നു.