Sorry, you need to enable JavaScript to visit this website.

ഒരു ലക്ഷത്തിലേറെ അനധ്യാപക ജീവനക്കാർ ഇന്ന് സ്‌കൂളിൽ ഡ്യൂട്ടി പുനരാരംഭിക്കുന്നു

റിയാദ് - സൗദിയിലെ വിവിധ പ്രവിശ്യകളിലെ 24,000 ത്തിലേറെ സ്‌കൂളുകളിലും 291 വിദ്യാഭ്യാസ ഓഫീസുകളിലും ഒരു ലക്ഷത്തിലേറെ അനധ്യാപക ജീവനക്കാർ ഇന്ന് ഡ്യൂട്ടി പുനരാരംഭിക്കും. മുഹറം നാല് അടുത്ത ഞായറാഴ്ച 5,20,000 ലേറെ അധ്യാപകർ സ്‌കൂളുകളിൽ തിരിച്ചെത്തുന്നതിനുള്ള തയാറെടുപ്പുകളുടെ ഭാഗമായാണ് അനധ്യാപക ജീവനക്കാർ സ്‌കൂളുകളിലും വിദ്യാഭ്യാസ ഓഫീസുകളിലും ഇന്നു മുതൽ ഡ്യൂട്ടി പുനരാരംഭിക്കുന്നത്. കൊറോണ വ്യാപനം തടയാൻ ശ്രമിച്ച് മാർച്ച് ഒമ്പതിനാണ് സ്‌കൂളുകൾ അടച്ചത്. ഇതിനു ശേഷം ഓൺലൈൻ ക്ലാസുകൾ തുടരുകയും വിദ്യാഭ്യാസ മന്ത്രി ഡോ. ഹമദ് ആലുശൈഖിന്റെ തീരുമാന പ്രകാരം മുഴുവൻ വിദ്യാർഥികൾക്കും തൊട്ടടുത്ത ക്ലാസുകളിലേക്ക് സ്ഥാനക്കയറ്റം നൽകുകയും ചെയ്തു. 


കൊറോണ വ്യാപനം കാരണം സ്‌കൂളുകളും ഓഫീസുകളും അടച്ചതിനെ തുടർന്ന് അഞ്ചു മാസത്തിലേറെ നീണ്ട ഇടവേളക്കു ശേഷമാണ് വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിലെ അനധ്യാപക ജീവനക്കാർ ഡ്യൂട്ടിയിൽ പുനഃപ്രവേശിക്കുന്നത്. പുതിയ അധ്യയന വർഷത്തിനുള്ള അന്തിമ ക്രമീകരണങ്ങൾ പൂർത്തിയാക്കൽ, സുരക്ഷാ സംവിധാനങ്ങൾ പൂർണമാണെന്നും പാഠപുസ്തകങ്ങൾ എത്തിയിട്ടുണ്ടെന്നും ഉറപ്പു വരുത്തൽ, സ്‌കൂൾ കെട്ടിടങ്ങളിൽ മുൻകരുതൽ, പ്രതിരോധ നടപടികളും പ്രോട്ടോകോളുകളും ബാധകമാക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തൽ എന്നിവ അടക്കമുള്ള ഉത്തരവാദിത്തങ്ങളാണ് അനധ്യാപക ജീവനക്കാർ വരും ദിവസങ്ങളിൽ നിർവഹിക്കുക.  


പുതിയ അധ്യയന വർഷത്തിൽ ഏതു രീതിയിലാണ് പഠനം തുടരുകയെന്ന കാര്യത്തിൽ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തീരുമാനം പുറത്തു വരുന്നത് രക്ഷിതാക്കളും വിദ്യാർഥികളും കാത്തിരിക്കുകയാണ്. മുൻകരുതൽ, പ്രതിരോധ നടപടികൾ പാലിച്ച് വിദ്യാർഥികളെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹാജരാകാൻ അനുവദിക്കുമോ അതല്ല, ഓൺലൈൻ ക്ലാസുകളാണോ നടക്കുകയെന്ന കാര്യം മന്ത്രാലയം പ്രഖ്യാപിച്ചിട്ടില്ല. 


പുതിയ അധ്യയന വർഷം ഈ മാസം 30 ന് ഞായറാഴ്ച ആരംഭിക്കുമെന്നാണ് കരുതുന്നത്. പ്രധാന നഗരങ്ങളിലെയും ചെറുപ്രവിശ്യകളിലെയും 47 വിദ്യാഭ്യാസ വകുപ്പുകൾ പുതിയ അധ്യയന വർഷത്തിൽ ആരോഗ്യ വ്യവസ്ഥകളും മുൻകരുതൽ, പ്രതിരോധ നടപടികളും പാലിച്ച് സ്‌കൂളുകളും വിദ്യാഭ്യാസ ഓഫീസുകളും പ്രവർത്തിപ്പിക്കുന്നതിനുള്ള പദ്ധതികൾ തയാറാക്കിയിട്ടുണ്ട്. സ്‌കൂളുകളുടെ സുസജ്ജത ഉറപ്പു വരുത്താനും മറ്റു ഒരുക്കങ്ങൾ വിലയിരുത്താനും സ്‌കൂളുകളിലും വിദ്യാഭ്യാസ ഓഫീസുകളിലും നിരീക്ഷണ കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്. 


അതേസമയം, പുതിയ അധ്യയന വർഷത്തിൽ പിന്തുടരുന്ന പഠന സംവിധാനത്തെ കുറിച്ച് വിദ്യാഭ്യാസ മന്ത്രാലയം എത്രയും വേഗം പരസ്യപ്പെടുത്തണമെന്ന് രക്ഷാകർത്താക്കൾ ആവശ്യപ്പെട്ടു. രക്ഷാകർത്താക്കളെന്നോണം പുതിയ അധ്യയന വർഷത്തിലെ പഠന സംവിധാനത്തെ കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നതായി സ്വാലിഹ് ഹുസൈൻ ബഹ്‌രി പറഞ്ഞു. അടുത്ത അധ്യയന വർഷത്തേക്കുള്ള ഒരുക്കങ്ങൾ മന്ത്രാലയം ആരംഭിച്ചിട്ടുണ്ടോയെന്നും എന്തെല്ലാം ആരോഗ്യ വ്യവസ്ഥകളാണ് പിന്തുടരുകയെന്നും ഇക്കാര്യങ്ങളിൽ ആരോഗ്യ മന്ത്രാലയവുമായി ഏകോപനം നടത്തുന്നുണ്ടോയെന്നും വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് എന്തെല്ലാം പ്രോട്ടോകോളുകളാണ് ബാധകമാക്കുകയെന്നും മറ്റും അറിയാൻ താൽപര്യമുണ്ടെന്നും സ്വാലിഹ് ഹുസൈൻ ബഹ്‌രി പറഞ്ഞു. 


പഠന സംവിധാനത്തെയും വിദ്യാർഥികൾ ഹാജരാകുന്ന പക്ഷം രോഗവ്യാപനത്തിൽ സംരക്ഷണം നൽകുന്നതിന് സ്വീകരിക്കുന്ന മുൻകരുതൽ നടപടികളെയും കുറിച്ച് വിദ്യാഭ്യാസ മന്ത്രാലയം എത്രയും വേഗം അറിയിക്കണമെന്ന് രക്ഷാകർത്താക്കളായ അഹ്മദ് അസീരിയും അബ്ദുല്ല അൽഗാംദിയും ആവശ്യപ്പെട്ടു. ഓൺലൈൻ ക്ലാസുകൾ തുടരുന്നതോടൊപ്പം വിദ്യാർഥികളെ ഗ്രൂപ്പുകളായി തിരിച്ച് ഓരോ ഗ്രൂപ്പും ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം ക്ലാസുകളിൽ ഹാജരാകുന്ന നിലക്ക് പുതിയ സാഹചര്യത്തിൽ പഠനം ക്രമീകരിക്കാവുന്നതാണെന്ന് വിദ്യാഭ്യാസ വിദഗ്ധൻ ഡോ. സൈദ് അൽഖംശി പറഞ്ഞു. 


 

Latest News