ന്യൂദൽഹി- സാമൂഹിക ശാസ്ത്രജ്ഞനും എഴുത്തുകാരനുമായ കാഞ്ച ഇളയ്യയുടെ 'സാമാജിക സ്മഗ്ലെരുലു കൊമതൊള്ളു' (കൊമാത്തികൾ: സാമൂഹിക കള്ളക്കടത്തുകാർ) എന്ന പുസ്തകം നിരോധിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജി സുപ്രീം കോടതി തള്ളി. പുസ്തകം നിരോധിക്കുക എന്നത് എഴുത്തുകാരന്റെ ആവിഷ്‌ക്കാര സ്വാതന്ത്ര്യം തടയലാണെന്നും അതുകൊണ്ട് നിരോധിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. അതേസമയം നിയമ ചട്ടക്കൂടിനകത്തു നിന്നു മാത്രമെ എഴുത്തുകാർ അഭിപ്രായം പ്രകടിപ്പിക്കാവൂ എന്നും കോടതി നിരീക്ഷിച്ചു.
കെ എൽ എൻ വി വീരൻജനേയുലു എന്ന വ്യക്തിയാണ് പൊതുതാൽപര്യ ഹർജിയുമായി സുപ്രിം കോടതിയെ സമീപിച്ചത്. ആഭ്യന്തര മന്ത്രാലയത്തേയും ആന്ധ്ര പ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലെ ആഭ്യന്തര സെക്രട്ടറിമാരേയും ഹർജിയിൽ കക്ഷി ചേർത്തിരുന്നു.
ഈ പുസ്തകത്തിന്റെ പേരിൽ തെലങ്കാനയിലും ആന്ധ്രപ്രദേശിലും വിവിധയിടങ്ങളിൽ ആര്യ വൈശ്യ സമുദായ സംഘടനകൾ കാഞ്ച ഇളയ്യയ്‌ക്കെതിരെ പ്രതിഷേധിച്ചുവരികയാണ്. പുസ്തകം നിരാധിക്കണമെന്നാവശ്യപ്പെട്ട് പലയിടത്തും ഇളയ്യയുടെ കോലം കത്തിച്ചു. പല തവണ വധഭീഷണിയും കാഞ്ച ഇളയ്യയ്ക്കു ലഭിച്ചിരുന്നു. ഇതു സംബന്ധിച്ച് ഇളയ്യ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. കഴിഞ്ഞ മാസം ചെരിപ്പും കല്ലുകളുമായി ഒരു സംഘം ഇളയ്യയെ ആക്രമിക്കുകയും ചെയ്തിരുന്നു. പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഏതാനും ദിവസങ്ങൾക്കു മുമ്പാണ് അദ്ദേഹം തെലങ്കാന ഡിജിപിയെ കണ്ടത്.
പോസ്റ്റ് ഹിന്ദു ഇന്ത്യ എന്ന 2009ൽ പുറത്തിറങ്ങിയ ഇളയ്യയുടെ പുസ്തകത്തിന്റെ തെലുങ്കു പതിപ്പാണ് വിവാദമായത്. സാമൂഹിക കള്ളക്കടത്ത് എന്നത് സാമൂഹിക ശാസ്ത്രത്തിലെ ഒരു പ്രയോഗമാണെന്ന് നേരത്തെ ഇളയ്യ വ്യക്തമാക്കിയിരുന്നു. സമൂഹത്തിന് ഒന്നും തിരിച്ചു നൽകാതെ സമ്പാദിച്ചു കൂട്ടുന്ന സാമ്പത്തിക ചൂഷണ രീതിയെ സൂചിപ്പിക്കാനാണ് ഈ പ്രയോഗമെന്നും ഇളയ്യ വ്യക്തമാക്കിയിരുന്നു.