ഹൈദരാബാദ് -പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം ചെയ്ത ഒമാനി പൗരനെതിരെ ഹൈദരാബാദ് പൊലീസ് പുതിയ ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു. നേരത്തെ 16കാരിയായ പെൺകുട്ടിയെ നിയമവിരുദ്ധമായി ഹൈദരാബാദിൽ നിന്നും വിവാഹം ചെയ്ത അഹമദ് അബ്ദുല്ല എന്ന ഒമാൻ സ്വദേശി ഇടനലിക്കാരൻ മുഖേന വീണ്ടും ബാല്യവിവാഹം നടത്താൻ ശ്രമങ്ങൾ നടത്തി വരികയായിരുന്നു. ഇദ്ദേഹം ഇപ്പോൾ ഒമാനിലാണ്. നേരത്തെ ഇയാൾ വിവാഹം ചെയ്ത പെൺകുട്ടി പരാതിയുമായി പോലീസിനെ സമീപിച്ചതോടെയാണ് സംഭവം വെളിച്ചത്തായത്.
കഴിഞ്ഞ മാസം ഹൈദരാബാദ് പൊലീസ്, നഗരത്തിലെ അറബികൾ ഉൾപ്പെട്ട ബാല്യവിവാഹ റാക്കറ്റിനെ പിടികൂടിയിരുന്നു. ഈ കേസിലും പ്രതിയാണ് ഈ ഒമാനി പൗരൻ. മേയിലാണ് ഇദ്ദേഹം 16കാരിയെ വിവാഹം ചെയ്ത് ഒമാനിലേക്ക് തിരിച്ചുപോയത്. പിന്നീട് പെൺകുട്ടിക്ക് വിസ അയച്ചു കൊടുത്ത് ഒമാനിലേക്ക് കൊണ്ടു പോകുകയും ചെയ്തിരുന്നു.
മാസങ്ങൾക്കു ശേഷമാണ് തന്റെ ഭർത്താവും ബന്ധുക്കളും ചേർന്ന് മകളെ അഞ്ചു ലക്ഷം രൂപയ്ക്ക് ഒമാനി പൗരന് വിൽക്കുകയായിരുന്നെന്ന പരാതിയുമായി മാതാവ് പോലീസിനെ സമീപിച്ചത്. ഭർത്താവിന്റെ സഹോദരി ഗൗസിയ ബീഗം, ഭർതൃസഹോദരൻ സികന്ദർ എന്നിവരെ തുടർന്ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മസ്‌ക്കറ്റിലെത്തിയ മകൾ താൻ മാനസികമായും ശാരീരികമായും പീഡിപ്പിക്കപ്പെടുന്നതായി ഫോണിൽ വിളിച്ചറിയിച്ചതിനെ തുടർന്നാണ് പരാതി നൽകിയതെന്ന് മാതാവ് പറയുന്നു. എന്നാൽ പണത്തിനു വേണ്ടിയാണ് മാതാപിതാക്കൾ തന്നെ അറബിക്ക് വിവാഹം ചെയ്തു കൊടുത്തതെന്ന് ആരോപണവുമായി പെൺകുട്ടി രംഗത്തെത്തിയതോടെ മാതാപിതാക്കൾക്കെതിരേയും പോലീസ് കേസെടുത്തിരുന്നു. അതേസമയം ഒമാനി പൗരനെ ഉപേക്ഷിക്കാൻ പെൺകുട്ടി തയാറാകാത്തത് പോലീസിനെയും കുഴക്കിയിരിക്കുകയാണ്.