Sorry, you need to enable JavaScript to visit this website.

ഒരു മാസം മാത്രം ശേഷിക്കെ ഗുജറാത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ വക ആനൂകൂല്യപ്പെരുമഴ; തെരഞ്ഞെടുപ്പു തീയതി മാറ്റിയതിന്റെ രഹസ്യം വെളിപ്പെടുന്നു

അഹമദാബാദ്- തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഗുജറാത്തിലെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാതിരുന്നതിന്റെ രഹസ്യം പുറത്താവുന്നു. ഹിമാചല്‍ പ്രദേശിലെ തെരഞ്ഞെടുപ്പു തീയതി പ്രഖ്യാപിച്ച കമ്മീഷന്‍ ഗുജറാത്തിലേത് വെളിപ്പെടുത്താതിരുന്നതു സംബന്ധിച്ച വിവാദം പുകയുന്നതിനിടെ ഒരു മാസം മാത്രം കാലാവധിയുള്ള ബിജെപി സര്‍ക്കാര്‍ വക ഗുജറാത്തില്‍ ആനുകൂല്യങ്ങളുടെ പെരുമഴയാണ്. സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ആനൂകൂല്യങ്ങള്‍ക്കു പുറമെ പ്രധാന മുനിസിപ്പല്‍ കോര്‍പറേഷനുകളെല്ലാം അടിയന്തിര യോഗം ചേര്‍ന്ന് കോടികളുടെ പദ്ധതി പ്രഖ്യാപനങ്ങള്‍ക്ക് ഒരുങ്ങിയിട്ടുണ്ട്.

തെരഞ്ഞെടുപ്പു കമ്മീഷന്‍ 1998 മുതല്‍ എല്ലാ തവണയും ഹിമാചല്‍ പ്രദേശ്, ഗുജറാത്ത് തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചാണ് നടത്താറുള്ളത്. 2002-ല്‍ കലാപ പശ്ചാത്തലത്തില്‍ മാത്രമാണ് ഇതിനു മാറ്റമുണ്ടായത്. എന്നാല്‍ ഇത്തവണ ഹിമാചലിലെ വോട്ടെടുപ്പു ദിവസം പ്രഖ്യാപിച്ചപ്പോള്‍ ഗുജറാത്തിലേത് വെളിപ്പെടുത്തിയില്ല. എന്നാല്‍ രണ്ടു സംസ്ഥാനങ്ങളിലും ഡിസംബര്‍ 18-ന് വോട്ടെണ്ണുമെന്ന പ്രഖ്യാപനം വന്നതോടെയാണ് കമ്മീഷന്റെ തീരുമാനം വിവാദമായത്.

ഈ അവസരം മുതലെടുത്താണ് ബിജെപി സര്‍ക്കാരുമായി പിണങ്ങി നില്‍ക്കുകയും സര്‍ക്കാരിനെതിരെ ശക്തമായി നിലകൊള്ളുകയും ചെയ്യുന്ന എല്ലാ വിഭാഗക്കാരേയും വ്യവസായികളേയും പാട്ടിലാക്കാന്‍ ഇവര്‍ക്കെല്ലാം ആനുകൂല്യങ്ങള്‍ വാരിക്കോരി നല്‍കി വരുന്നത്. വഡോദര മുനിസിപ്പല്‍ കോര്‍പറേഷനില്‍ ഞായറാഴ്ച 780 കോടി രൂപയുടെ പദ്ധതികള്‍ മുഖ്യമന്ത്രി വജയ് രൂപാനി ഉല്‍ഘാടനം ചെയ്യും. 

തെരഞ്ഞെടുപ്പു കമ്മീഷന്റെ പ്രഖ്യാപനം മുന്നില്‍ കണ്ട് നേരത്തെ യോഗം ചേര്‍ന്ന അഹമദാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്‍ പത്തുമിനിറ്റിനിടെ 530 കോടി രൂപയുടെ പദ്ധതികള്‍ക്കാണ് അനുമതി നല്‍കിയത്. അഹമദാബാദില്‍ സംഘടിപ്പിച്ച മാനവ് ഗ്രാമീണ്‍ യോജനയില്‍ ദരിദ്രവിഭാഗത്തില്‍പ്പെട്ട 3262 പേര്‍ക്ക് ചെക്ക്, തയ്യല്‍ മെഷീന്‍, മുച്ചക്ര സൈക്കിള്‍, വീട്ടുപകരണങ്ങള്‍, തെരുവു കച്ചവടത്തിനുള്ള ഉന്തുവണ്ടികള്‍ തുടങ്ങി നിരവധി ആനുകൂല്യങ്ങളാണ് വിതരണം ചെയ്തത്. വിദ്യാര്‍ത്ഥിനികള്‍ക്ക് 2000 രൂപയുടെ ചെക്കും രണ്ടു പെണ്‍കുട്ടികളുള്ള വന്ധ്യംകരണം നടത്തിയ രക്ഷിതാക്കള്‍ക്ക് 5000 രൂപയുടെ ചെക്കും മിശ്രവിവാഹിതര്‍ക്ക് 50,000 രൂപ വീതവുമാണ് വിതരണം ചെയ്തത്. 

ബിജെപിക്കെതിരെ രംഗത്തുള്ള പ്രബല സമുദായമായ പട്ടേല്‍മാരുടെ രോഷം തണുപ്പിക്കുന്നതിനായി പട്ടേല്‍ സമരത്തിനെതിരെ പോലീസ് രജിസ്റ്റര്‍ ചെയ്ത 136 കേസുകള്‍ പിന്‍വലിക്കുന്ന നടപടികള്‍ ആരംഭിച്ചു. 109 കേസുകള്‍ ഇതിനകം പിന്‍വലിച്ചു. ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലാണ് ഈ പ്രഖ്യാപനം നടത്തിയത്. നാശനഷ്ടങ്ങളുണ്ടാക്കിയ പട്ടേല്‍ സമരത്തിനെതിരെ റെയില്‍വെ എടുത്ത കേസുകള്‍ പിന്‍വലിക്കാന്‍ റെയില്‍വെയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

162 മുനിസിപ്പാലിറ്റികളിലും എട്ട് മുനിസിപ്പല്‍ കോര്‍പറേഷനുകളിലും ദളിത് വിഭാഗക്കാരായ വാല്‍മീകി  സമുദായക്കാര്‍ക്ക് സ്ഥിരം നിയമനം നല്‍കുന്നതിനുള്ള തടസ്സങ്ങള്‍ നീക്കിയതായും ഇവര്‍ക്കു ആശ്രിത നിയമനം അനുവദിച്ചും പ്രഖ്യാപനം വന്നിട്ടുണ്ട്. ഏറ്റവും താഴെതട്ടിലുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ദീപാവലി ബോണസായി 3500 രൂപ മുതല്‍ 35000 രൂപ വരെ പണമായി നല്‍കും. 11.87 കോടി രൂപയാണ് ഈ ബോണസ് വിതരണത്തിനായി സംസ്ഥാന സര്‍ക്കാര്‍ നീക്കി വച്ചിരിക്കുന്നത്.

സര്‍ക്കാര്‍ ജീവനക്കാരെ സന്തോഷിപ്പിക്കുന്നതിനായി ക്ഷാമ ബത്തയില്‍ ഒരു ശതമാനം വര്‍ധനയും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ജൂലൈ മുതല്‍ മുന്‍കാല പ്രാബലത്തോടെ ഇതു ലഭ്യമാക്കുമെന്നും ഉപമുഖ്യമന്ത്രി അറിയിച്ചു. റിയല്‍ എസ്റ്റേറ്റ് നിയന്ത്രണ നിയമത്തില്‍ കുരുങ്ങി സതംഭിച്ച റിയല്‍ എസ്റ്റേറ്റ്, നിര്‍മ്മാണ രംഗങ്ങള്‍ക്ക് ഉത്തേജനം നല്‍കാന്‍ പ്രത്യേക പദ്ധതിയും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അഹമ്മദാബാദിലെ എസ് പി റിങ് റോഡിലെ ചുങ്കപ്പിരിവില്‍ നിന്നും വാണിജ്യ, ടാക്‌സി വാഹനങ്ങളല്ലാത്ത എല്ലാ സ്വകാര്യ വാഹനങ്ങളെയും ഒഴിവാക്കി. ഇതുമൂലം ടോള്‍ കമ്പനിക്കുണ്ടാകുന്ന എട്ടു കോടിയുടെ പ്രതിവര്‍ഷ നഷ്ടം സര്‍ക്കാര്‍ വഹിക്കും. 

Latest News