ന്യൂദല്‍ഹി- ഇന്ത്യന്‍ മണ്ണില്‍ അതിക്രമിച്ചു കയറിയ ചൈനീസ് സേനയെ പിന്തിരിപ്പിക്കാന്‍ എന്തു നടപടിയാണ് എടുത്തിട്ടുള്ളതെന്ന് സര്‍ക്കാര്‍ ജനങ്ങളോട് പറയണമെന്ന് കോണ്‍ഗ്രസ്. പ്രധാനമന്ത്രി നരേന്ദ്ര മോഡി സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തോട് നടത്തിയ പ്രസംഗത്തില്‍ ചൈനയുടെ പേര് പറയാത്തതിനെയാണ് കോണ്‍ഗ്രസ് വിമര്‍ശിച്ചത്. 'നമ്മുടെ സൈന്യം, അര്‍ദ്ധസൈന്യം, പോലീസ് തുടങ്ങി എല്ലാ സേനകളും നമുക്ക് അഭിമാനമാണ്. നാം 130 കോടി ഇന്ത്യക്കാരും എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും അവരെക്കുറിച്ച് അഭിമാനിക്കുന്നവരുമാണ്. നമുക്കെതിരെ ആക്രമണമുണ്ടായപ്പോഴെല്ലാം ഈ സേനകള്‍ അക്രമികള്‍ക്ക് തക്കതായ മറുപടി നല്‍കിയിട്ടുണ്ട്. എന്നാല്‍ എന്തുകൊണ്ട് ചൈനയുടെ പേരു പറയാന്‍ നമ്മുടെ ഭരണാധികാരികള്‍ ഭയക്കുന്നു. ഇന്ന് ചൈന നമ്മുടെ അതിര്‍ത്തി കടന്നു കയറി നിലയുറപ്പിച്ചിരിക്കുമ്പോള്‍ അവരെ പിന്തിരിപ്പിക്കാന്‍ എന്തു ചെയ്തുവെന്ന് സര്‍ക്കാരിനോട് നാം ചോദിക്കണമെന്നും കോണ്‍ഗ്രസ് മുഖ്യ വക്താവ് രണ്‍ദീപ് സിങ് സുര്‍ജെവാല പറഞ്ഞു.
സര്‍ക്കാരിന്റെ ആത്മനിര്‍ഭര്‍ (സ്വയം പര്യാപ്തത) മുദ്രാവാക്യത്തേയും കോണ്‍ഗ്രസ് വിമര്‍ശിച്ചു. ഇന്ത്യയുടെ സ്വയം പര്യാപതയ്ക്ക് അടിത്തറ പാകിയത് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവും സര്‍ദാര്‍ വല്ലഭായ് പട്ടേലും അടക്കമുള്ള സ്വാതന്ത്ര്യ സമര പോരാളികളാണ്. 32 പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കുകയും റെയില്‍വേ, എയര്‍പോര്‍ട്ടുകള്‍ തുടങ്ങിയവ സ്വകാര്യ കരങ്ങളിലേക്ക് കൈമാറുകയും ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ, ഫൂഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ എന്നിവയെ ആക്രമിക്കുകയും ചെയ്ത സര്‍ക്കാര്‍ രാജ്യത്തിന്റെ സ്വാതന്ത്ര്യം എങ്ങനെ സംരക്ഷിക്കുമെന്നും സുര്‍ജെവാല ചോദ്യം ചെയ്തു.