ന്യൂദല്‍ഹി- മസ്തിഷ്‌ക ശസ്ത്രക്രിയയെ തുടര്‍ന്ന് അബോധാവസ്ഥയിലായ മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നുവെന്ന് അദ്ദേഹം ചികിത്സയില്‍ കഴിയുന്ന ദല്‍ഹിയിലെ ആര്‍മി ഹോസപിറ്റല്‍ അറിയിച്ചു. വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തുന്ന അദ്ദേഹം കോവിഡ് ബാധിതന്‍ കൂടിയാണ്. ഡോക്ടര്‍മാരുടെ മികച്ച നിരീക്ഷണത്തിലാണ് അദ്ദേഹമെന്നും ആശുപത്രി അറിയിച്ചു.
ഞായറാഴ്ച രാജാജി മാര്‍ഗിലെ അദ്ദേഹത്തിന്റെ വീട്ടില്‍ വീണതിനെ തുടര്‍ന്ന് തലച്ചോറില്‍ രക്തം കട്ടപിടിച്ചത് നീക്കം ചെയ്യാനാണ് മസ്തിഷ്‌ക ശസ്ത്രക്രിയ നടത്തിയത്. ഇത് വിജയകരമായിരുന്നുവെന്ന് നേരത്തെ ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. ശസ്ത്രക്രിയയ്ക്കു മുന്നോടിയായി നടത്തിയ പരിശോധനയിലാണ് പ്രണബിന് കോവിഡ്19 സ്ഥിരീകരിച്ചത്. ശസ്ത്രക്രിയയ്ക്കു ശേഷം പ്രണബിന്റെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണെന്നും എന്നാല്‍ വഷളായിട്ടില്ലെന്നും മകള്‍ ശര്‍മിഷ്ട കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു.