വാഷിങ്ടണ്‍- യുഎസില്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവും ഇന്ത്യന്‍ വംശജയുമായ കമല ഹാരിസിനെതിരെ കടുത്ത ആക്ഷേപവുമായി പ്രസിഡന്റ് ഡൊനള്‍ഡ് ട്രംപ്. ഡെമോക്രാറ്റ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്റെ കീഴില്‍ അമേരിക്കയില്‍ ഒരാളും സുരക്ഷിതരായിരിക്കില്ലെന്നും കാലിഫോര്‍ണിയ സെനറ്റര്‍ കൂടിയായ കമല ഹാരിസ് ഒരു പടി കൂടി മോശമാണെന്നുമായിരുന്നു ട്രംപിന്റെ ആക്ഷേപം. 'ജോ ബൈഡന്‍ ആണ് പ്രസിഡന്റാകുന്നതെങ്കില്‍ അദ്ദേഹം വൈകാതെ അമേരിക്കയിലെ പോലീസ് ഡിപാര്‍ട്‌മെന്റിനെ തകര്‍ക്കുന്ന നിയമങ്ങള്‍ പാസാക്കും. കമലയാണെങ്കില്‍ ഒരു പടി കൂടി മോശമാണ്. അവര്‍ ഇന്ത്യന്‍ പാരമ്പര്യമുള്ളയാളാണ്. അവര്‍ക്കുള്ളതിനേക്കാള്‍ കൂടുതല്‍ ഇന്ത്യക്കാര്‍ എന്റെ കൂടെയുണ്ട്,' എന്നായിരുന്നു ട്രംപിന്റെ വാക്കുകള്‍. ട്രംപിന്റെ തെരഞ്ഞെടുപ്പു പ്രാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സിറ്റി ഓഫ് ന്യൂയോര്‍ക്ക് പോലീസ് ബെനവലന്റ് അസോസിയേഷന്റെ ചടങ്ങിലാണ് ട്രംപ് ഇങ്ങനെ പറഞ്ഞത്. കമലയ്ക്ക് പോലീസിനോട് കൂടുതല്‍ ശത്രുതാപരമായ സമീപനമാണെന്നും അവരും ബൈഡനും പോലീസിനെതിരെ നടക്കുന്ന ഒരു ഇടതു പക്ഷ പോരിന്റെ ഭാഗമാണെന്നും ട്രംപ് ആരോപിച്ചു.