Sorry, you need to enable JavaScript to visit this website.

കോവിഡ് പോരാളികൾക്ക് നന്ദി പറഞ്ഞ് രാഷ്ട്രപതി

ന്യൂദൽഹി- കോവിഡ് പോരാട്ടത്തിന് നേതൃത്വം നൽകിയ ആരോഗ്യ പ്രവർത്തകർക്ക് രാഷ്ട്രപതിയുടെ നന്ദി. സ്വാതന്ത്ര്യദിന സന്ദേശത്തിലാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇക്കാര്യം പറഞ്ഞത്. കോവിഡ് മഹാമാരി ലോകം മുഴുവനുമുള്ള ജനജീവിതം തകിടംമറിച്ചുവെന്ന് രാഷ്ട്രപതി പറഞ്ഞു.
കോവിഡിന് എതിരായ പോരാട്ടം നടത്തിയ എല്ലാ ഡോക്ടർമാരോടും നഴ്‌സുമാരോടും ആരോഗ്യ പ്രവർത്തകരോടും മുന്നിൽനിന്ന് പൊരുതിയ എല്ലാവരോടും രാജ്യം കടപ്പെട്ടിരിക്കുന്നു. മാതൃകാപരമായ പ്രവർത്തനമാണ് അവർ കാഴ്ചവെച്ചത്. കൊറോണ യോദ്ധാക്കളെ അഭിനന്ദിച്ചാൽ അത് കുറഞ്ഞുപോകും. ചെയ്യാൻ കഴിയുന്നതിനും അപ്പുറത്തുള്ള പ്രവർത്തനമാണ് അവർ നടത്തിയത്. അതിലൂടെയാണ് ജനങ്ങളുടെ ജീവൻ സംരക്ഷിക്കാനും അവശ്യ സർവീസുകൾ ലഭ്യമാക്കാനും കഴിഞ്ഞത്. 

വ്യത്യസ്ത രീതിയിലാണ് ഇത്തവണ നാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്. മാരകമായ വൈറസ് മനുഷ്യ ജീവന് ഭീഷണി ഉയർത്തുകയും എല്ലാ തരത്തിലുള്ള പ്രവർത്തനങ്ങളും തടസപ്പെടുത്തുകയും ചെയ്ത സാഹചര്യത്തിലാണിത്. ലോകത്തെ പിടിച്ചുലച്ച മഹാമാരിയുടെ വ്യാപനത്തെ നിയന്ത്രിക്കാൻ നമുക്ക് കഴിഞ്ഞു. നിരവധി മനുഷ്യ ജീവനുകൾ സംരക്ഷിക്കുന്നതിൽ നാം വിജയിച്ചു. 

ലോകത്ത് എവിടെയുമുള്ള ഇന്ത്യക്കാരെ സഹായിക്കാൻ നാം പ്രതിജ്ഞാബദ്ധരാണ്. കോവിഡ് മഹാമാരിക്കിടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ലക്ഷക്കണക്കിന് ഇന്ത്യക്കാരെ വന്ദേ ഭാരത് ദൗത്യത്തിലൂടെ രാജ്യത്ത് എത്തിച്ചു. പ്രധാൻമന്ത്രി ഗരീബ് കല്യാൺ യോജനയിലൂടെ കോടിക്കണക്കിന് ജനങ്ങൾക്ക് സർക്കാർ പിന്തുണ നൽകി. തൊഴിൽ നഷ്ടപ്പെട്ടവർക്കും ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് പോകേണ്ടിവന്നവർക്കും കോവിഡ് വ്യാപനംമൂലം ജീവിതമാർഗം തടസപ്പെട്ടവർക്കും അത് ആശ്വാസമായി. സൗജന്യ ഭക്ഷ്യധാന്യങ്ങൾ ആവശ്യമുള്ളവർക്കെല്ലാം നൽകിയതിനാൽ ഒരു കുടുംബത്തിനും വിശന്ന് കഴിയേണ്ടിവന്നില്ല. എല്ലാ മാസവും 80 കോടി ജനങ്ങൾക്ക് സർക്കാർ റേഷൻ ഉറപ്പാക്കിയെന്നും രാഷ്ട്രപതി പറഞ്ഞു.

സ്വാതന്ത്ര്യസമരത്തിന് മഹാത്മാഗാന്ധി വഴിവിളക്കായി എന്നത് നമ്മുടെ ഭാഗ്യമാണ്. മഹാത്മാവായ ഒരു രാഷ്ട്രീയ നേതാവ് ഇന്ത്യൻ മണ്ണിൽ മാത്രമെ ഉണ്ടാവുകയുള്ളൂവെന്നും രാഷ്ട്രപതി പറഞ്ഞു.
 

Latest News