ന്യൂദല്‍ഹി- ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ പലയിടത്തും മേയ്, ജൂണ്‍ മാസങ്ങളില്‍ ഇരു രാജ്യങ്ങളുടേയും സൈനികര്‍ പരസ്പരം ഏറ്റുമുട്ടിയതായും ചില സംഭവങ്ങളില്‍ 20 മണിക്കൂര്‍ വരെ ഇരു സേനകളും നേരിട്ടു പോരടിച്ചുവെന്നും ഇന്ത്യയുടെ അതിര്‍ത്തി കാക്കുന്ന സേനാ വിഭാഗങ്ങളിലൊന്നായ ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് (ഐടിബിപി). ലഡാക്കിലെ ഗല്‍വാന്‍ വാലിയില്‍ മാത്രമല്ല ഇരു സേനകളും തമ്മില്‍ പോരടിച്ചതെന്ന് വ്യക്തമാക്കുന്നതാണ് ഐടിബിപി വെള്ളിയാഴ്ച പുറത്തു വിട്ട വിവരങ്ങള്‍. ഇന്ത്യന്‍ സൈനികര്‍ക്കു നേരെ ചൈനീസ് സേന കല്ലെറിഞ്ഞുവെന്നും ചിലയിടങ്ങളില്‍ ഏറ്റുമുട്ടലുകള്‍ 17 മുതല്‍ 20 മണിക്കൂര്‍ വരെ നീണ്ടു നിന്നുവെന്നും ഐടിബിപി, സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നല്‍കപ്പെടുന്ന സൈനിക മെഡലുകളുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
കിഴക്കന്‍ ലഡാക്കിലുണ്ടായ ചൈനീസ് സേനയായ പീപ്പ്ള്‍സ് ലിബറേഷന്‍ ആര്‍മിക്കെതിരെ അസാധാര ധീരതയോടെ പൊരുതിയ 21 സൈനികരെ ഇത്തവണ ബഹുമതിക്കായി ഐടിബിപി ഡയറക്ടര്‍ ജനറല്‍ എസ് എസ് ദേസ്‌വാള്‍ ശുപാര്‍ശ ചെയ്തിരുന്നു. സമുദ്രനിരപ്പില്‍ നിന്ന് ഏറെ ഉയര്‍ന്ന പ്രദേശങ്ങളിലെ സൈനിക നീക്കങ്ങളില്‍ മികച്ച പരിശീലനം നേടിയ ഇന്ത്യന്‍ സൈനികര്‍ കാര്യക്ഷമമായി തന്നെ ചൈനീസ് പടയാളികളുടെ കടന്നുകയറ്റത്തെ പ്രതിരോധിച്ചു. കല്ലെറിഞ്ഞ ചൈനീസ് സേനയ്‌ക്കെതിരെ ഒരു രാത്രി മുഴുവന്‍ നീണ്ട പേരാട്ടം നടത്തി ഐടിബിപി ജവാന്‍മാര്‍ അര്‍ഹിക്കുന്ന മറുപടി നല്‍കിയെന്നും പ്രസ്താവനയില്‍ ഐടിബിപി പറയുന്നു.