ജയ്പൂര്‍- രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രതീക്ഷിച്ചതു പോലെ വിശ്വാസ വോട്ടു നേടി. ശബ്ദ വോട്ടിലാണ് കോണ്‍ഗ്രസ് ഭൂരിപക്ഷം തെളിയിച്ചത്. ഇതോടെ സര്‍ക്കാരിനു ഭീഷണിയായി കോണ്‍ഗ്രസിനുള്ളില്‍ നിന്നു തന്നെ ഉയര്‍ന്നു വന്ന പോരിന് അവസാനമായി. വിമത നീക്കം നടത്തി 18 എല്‍എല്‍മാര്‍ക്കൊപ്പം മാറി നിന്ന മുന്‍ ഉപമുഖ്യമന്ത്രി സചിന്‍ പൈലറ്റും സംഘവും തിരിച്ചെത്തിയതോടെ കോണ്‍ഗ്രസ് സഭയില്‍ ഭൂരിപക്ഷം തെളിയിക്കുമെന്ന് ഉറപ്പായിരുന്നു. 200 അംഗ സഭയില്‍ 101 എംഎല്‍എമാരുടെ പിന്തുണയാണ് വേണ്ടത്. കോണ്‍ഗ്രസിന് 125 എംഎല്‍എമാരുടെ പിന്തുണയുണ്ടായിരുന്നു. പ്രതിപക്ഷമായി ബിജെപിയുടെ അംഗബലം 72 ആണ്. പരാജയപ്പെടുമെന്ന് ഉറപ്പായിരുന്നെങ്കിലും ബിജെപി കോണ്‍ഗ്രസിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തിയ ശേഷം സചിന്‍ പൈലറ്റും സംഘവും തിങ്കളാഴ്ചയാണ് വിമത നീക്കത്തില്‍ നിന്ന് പിന്മാറിയത്.