ന്യൂദൽഹി- എന്നെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തപ്പോൾ പ്രണബ് മുഖർജിക്ക് പരിഭവം തോന്നിയിരിക്കാമെന്ന് മൻമോഹൻ സിംഗ്. പാർട്ടിയിൽ തന്നെക്കാൾ മുതിർന്നയാളായ പ്രണബിന് പകരം തന്നെ സോണിയാ ഗാന്ധി പ്രധാനമന്ത്രിയായി നിശ്ചയിച്ചപ്പോൾ ഈ പരിഭവം സ്വാഭാവികമാണെന്നും മൻമോഹൻ സിംഗ് പറഞ്ഞു. പ്രധാനമന്ത്രിയായി എന്നെ നിശ്ചയിച്ച തീരുമാനത്തിൽ എനിക്ക് ഒരു പങ്കുമുണ്ടായിരുന്നില്ല എന്ന കാര്യം പ്രണബിന് അറിയാമെന്നും 85-കാരനായ മൻമോഹൻ സിംഗ് പറഞ്ഞു. പ്രണബ് മുഖർജിയുടെ ദ കൊയ്‌ലേഷൻ ഇയേഴ്‌സ്: 1996-2012 എന്ന പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മൻമോഹൻ സിംഗ്.
പ്രണബിന് പരിഭവം ഉണ്ടായിരുന്നെങ്കിലും ഇതേവരെ ഞങ്ങൾക്കിടയിൽ മികച്ച ബന്ധമാണ് നിലനിൽക്കുന്നത്. പ്രണബിന്റെ സേവനം യു.പി.എ സർക്കാറിന് നിരവധി അവസരങ്ങളിൽ ഗുണം നൽകിയിട്ടുണ്ട്.
പ്രണബ് മുഖർജിയുടെ സ്വാഭാവിക തെരഞ്ഞെടുപ്പായിരുന്നു രാഷ്ട്രീയം. ഞാൻ യാദൃച്ഛികമായാണ് രാഷ്ട്രീയത്തിൽ എത്തിയത്. അതുകൊണ്ടു തന്നെ പ്രണബിന് പ്രധാനമന്ത്രിയാകാനുള്ള അവകാശം അദ്ദേഹത്തിനുണ്ടായിരുന്നു. പ്രണബുമായുള്ള തന്റെ ബന്ധത്തിന് ഒരിക്കലും ഉലച്ചിൽ തട്ടിയിരുന്നില്ലെന്നും മൻമോഹൻ ഓർമ്മിച്ചു.
1970 മുതൽ മൻമോഹൻ സിംഗും പ്രണബ് മുഖർജിയും തമ്മിൽ ബന്ധമുണ്ട്. പ്രണബ് മുഖർജി കേന്ദ്ര ധനകാര്യമന്ത്രിയായിരുന്ന കാലത്ത് മൻമോഹൻ സിംഗായിരുന്നു റിസർവ് ബാങ്ക് ഗവർണർ. 2004 -ൽ തികച്ചും അപ്രതീക്ഷിതമായാണ് യു.പി.എയുടെ പ്രധാനമന്ത്രിയായി മൻമോഹൻ സിംഗിനെ സോണിയാ ഗാന്ധി പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി പദവി ഏറ്റെടുക്കുന്നില്ലെന്ന സോണിയാ ഗാന്ധിയുടെ തീരുമാനത്തെ തുടർന്നായിരുന്നു ഇത്.