ജയ്പൂര്‍- രാജസ്ഥാനില്‍ നാളെ തുടങ്ങാനിരിക്കുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിനു മുന്നോടിയായി വിളിച്ചു ചേര്‍ത്ത കോണ്‍ഗ്രസ് എംഎല്‍എമാരുടെ യോഗത്തില്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടും വിമത നീക്കം നടത്തിയ ശേഷം തിരിച്ചെത്തിയ മുന്‍ ഉപമുഖ്യമന്ത്രി സചിന്‍ പൈലറ്റും ഒന്നിച്ചിരുന്നു. മുഖ്യമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിനെത്തിയ സചിനെ പുഞ്ചിരിച്ചും കൈക്കൊടുത്തുമാണ് ഗെലോട്ട് സ്വീകരിച്ചത്. യോഗത്തിലും ഇരു നേതാക്കളും ഒന്നിച്ചാണ് ഇരുന്നത്. ഒരു മാസം നീണ്ട വിമത പോരിനൊടുവില്‍ ദിവസങ്ങള്‍ക്കു മുമ്പാണ് സചിന്‍ പൈലറ്റ് വഴങ്ങി കോണ്‍ഗ്രസ് ക്യാംപില്‍ തിരിച്ചെത്തിയത്. സചിനൊപ്പമുണ്ടായിരുന്ന 18 എംഎല്‍എമാരും ജയ്പൂരിലെത്തിയിട്ടുണ്ട്. സചിന്റെ അപ്രതീക്ഷിത വിമത നീക്കം രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ തകര്‍ച്ചയുടെ വക്കിലെത്തിച്ചിരുന്നു. രാഹുല്‍ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയോടെയാണ് വിമത പോര് അവസാനിപ്പിച്ച് സചിന്‍ മടങ്ങിയെത്തിയത്. എല്ലാം മറക്കാനും പൊറുക്കാനും തയാറാണെന്നും മുന്നോട്ടു പോകേണ്ടതുണ്ടെന്നും ഇന്ന് രാവിലെ ഗെലോട്ട് ട്വീറ്റ് ചെയ്തിരുന്നു.
അതേസമയം വെള്ളിയാഴ്ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടു വരുമെന്ന് പ്രതിപക്ഷമായ ബിജെപി വ്യക്തമാക്കി. ബിജെപിയും ഇന്ന് എംഎല്‍എമാരുടെ യോഗം ചേര്‍ന്നു.
സചിന്‍ പൈലറ്റ് മടങ്ങിയെത്തിയെങ്കിലും ഗെലോട്ടുമായുള്ള പോര് ഇനി എന്താകുമെന്ന് കാണാനിരിക്കുന്നതെയുള്ളൂ. ഉപമുഖ്യമന്ത്രിയായി സ്വന്തം മന്ത്രിസഭയിലുണ്ടായിട്ടും കഴിഞ്ഞ 18 മാസത്തോളമായി താന്‍ സചിനോട് സംസാരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ഗെലോട്ട് പറഞ്ഞു. കാര്യങ്ങള്‍ എളുപ്പമാക്കാന്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വം എഐസിസി ജനറല്‍ സെക്രട്ടരി കെ സി വേണുഗോപാലിനേയും രാജസ്ഥാനിലേക്ക് അയച്ചിട്ടുണ്ട്. ഗെലോട്ടിനൊപ്പം 100 എംഎല്‍എമാരാണ് ഉള്ളത്. സചിനുമായി സന്ധിയുണ്ടാക്കിയതില്‍ ഇവര്‍ക്ക് സ്വാഭാവികമായും അതൃപ്തിയുണ്ടെന്നും എന്നാല്‍ ജനാധിപത്യ താല്‍പര്യം മുന്‍നിര്‍ത്തി അവര്‍ ഇത് അംഗീകരിച്ചുവെന്നും ഗെലോട്ട് പറഞ്ഞു. 200 അംഗ രാജസ്ഥാന്‍ നിയമസഭയില്‍ കോണ്‍ഗ്രസിന് 107 എംഎല്‍എമാരാണ് ഉള്ളത്. ചെറുപാര്‍ട്ടികളുടേയും സ്വതന്ത്രരുടേയും പിന്തുണ കൂടി ചേര്‍ത്ത് 125 എംഎല്‍എമാരുടെ പിന്തുണ കോണ്‍ഗ്രസിനുണ്ട്. ബിജെപിക്ക് 72 സീറ്റും മൂന്ന് സഖ്യകക്ഷികളുടെ പിന്തുണയും ഉണ്ട്.