കൊച്ചി- സ്വർണക്കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസ് കേസിൽ പ്രതികളായ സ്വപ്ന സുരേഷിനും സെയ്തലവിക്കും കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യ കോടതി ജാമ്യം നിഷേധിച്ചു. ജാമ്യത്തിന് സ്ത്രീയെന്ന ആനുകൂല്യം അർഹിക്കുന്നില്ലെന്നും കോടതി പറഞ്ഞു.
അധികാര ഇടനാഴികളിൽ സ്വപ്ന സുരേഷിന്റെ സ്വാധീനം പ്രകടമാണെന്ന് കോടതി വ്യക്തമാക്കി. സ്വാധീനമുപയോഗിച്ച് സംസ്ഥാന സർക്കാർ പദ്ധതിയിൽ ജോലി നേടി. കോൺസുലേറ്റിൽ നിന്ന് രാജിവച്ച ശേഷവും അവിടെ സഹായം തുടർന്നുവെന്നും സാമ്പത്തിക കുറ്റകൃത്യങ്ങൾക്കായുള്ള കോടതി നിരീക്ഷിച്ചു.
നിയമ വിരുദ്ധമായി വ്യാവസായിക അടിസ്ഥാനത്തിലുള്ള കള്ളക്കടത്താണ് പ്രതികൾ നടത്തി വന്നത്. പലർ ചേർന്ന് പണം സ്വരൂപിച്ച് ഹവാല വഴി വിദേശത്ത് എത്തിച്ച് സ്വർണം കടത്തുകയായിരുന്നു. രാജ്യാന്തര തലത്തിൽ വലിയ ബന്ധമുള്ളവരാണ് പ്രതികൾ. അതുകൊണ്ടു തന്നെ വിദേശത്തുള്ള പ്രതികൾ പിടിയിലാകും വരെ ജാമ്യം അനുവദിക്കരുതെന്നായിരുന്നു കസ്റ്റംസിന്റെ ആവശ്യം.