Sorry, you need to enable JavaScript to visit this website.

ബ്രസീലില്‍ നിന്നുള്ള ഫ്രോസന്‍ ചിക്കനില്‍ കൊറോണ വൈറസ് കണ്ടെത്തിയെന്ന് ചൈന

ബെയ്ജിങ്- ബ്രസീലില്‍ നിന്ന് ഇറക്കുമതി ചെയ്ത ഫ്രോസന്‍ ചിക്കന്‍ കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ചൈനീസ് നഗരമായ ഷെന്‍ഷനില്‍ സര്‍ക്കാര്‍ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പു നല്‍കി. ബ്രസീലില്‍ നിന്നെത്തിയ ചിക്കന്‍ സാംപിള്‍ പരിശോധിച്ചപ്പോള്‍ കൊറോണ വൈറസ് കണ്ടെത്തിയെന്ന് അധികൃതര്‍ പറയുന്നു. ഇറച്ചിയില്‍ നിന്നെടുത്ത സാംപിളിലാണ് വൈറസ് സാന്നിധ്യമെന്ന് കരുതപ്പെടുന്നു. രണ്ടു ദിവസം മുമ്പ് ചൈനയില്‍ ഇറക്കുമതി ചെയ്ത സീഫൂഡ് പാക്കുകള്‍ക്കു പുറത്ത് വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. ബ്രസീലിലെ തെക്കന്‍ സംസ്ഥാനമായ സാന്റ കാറ്റരിനയിലെ ഒറോറ അലിമെന്തോസ് പ്ലാന്റില്‍ നിന്ന് ചൈനയിലെത്തിച്ച ഫ്രോസന്‍ ചിക്കനിലാണ് വൈറസ് സ്ഥിരീകരിക്കപ്പെട്ടത്.

അതേസമയം ഈ ചിക്കന്‍ വാങ്ങുകയും കൈകാര്യം ചെയ്യുകയും ചെയ്തവരെ ടെസ്റ്റ് ചെയ്തപ്പോള്‍ ആര്‍ക്കും വൈറസ്ബാധ സ്ഥിരീകരിച്ചില്ല. എല്ലാവരുടെ ഫലവും നെഗറ്റീവ് ആണെന്ന് സര്‍ക്കാര്‍ കുറിപ്പില്‍ വ്യക്തമാക്കി. അതേസമയം ഇറക്കുമതി ചെയ്ത ഫ്രോസന്‍ ഭക്ഷ്യ വസ്തുക്കളും സമുദ്രോല്‍പ്പന്നങ്ങും വാങ്ങുമ്പോള്‍ പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നു മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

ഷാങ്‌ദോങ് പ്രവിശ്യയിലെ നഗരമായ യാന്‍തായില്‍ ചൊവ്വാഴ്ച ഫ്രോസന്‍ സീഫൂഡ് പാക്കുകളില്‍ ചൊവ്വാഴ് കോവിഡ്19 സാന്നിധ്യം കണ്ടെത്തിയിരുന്നു. അന്‍ഹുയ് പ്രിവശ്യയിലെ വുഹു നഗരത്തിലെ ഒരു റസ്ട്രന്റില്‍ ഇക്വഡോറില്‍ നിന്നെത്തിയ ഫ്രോസന്‍ ചെമ്മീന്‍ പായ്ക്കിനു പുറത്ത് കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയതായി ബുധനാഴ്ച പ്രാദേശിക ഭരണകൂടം അറിയിച്ചിരുന്നു.
 

Latest News