Sorry, you need to enable JavaScript to visit this website.

ടിക് ടോക്കില്‍ നിക്ഷേപത്തിനായി ബൈറ്റ്ഡാന്‍സ് റിലയന്‍സുമായി ചര്‍ച്ചയില്‍

മുംബൈ- ഇന്ത്യയില്‍ നിരോധിച്ച ചൈനീസ് വിഡിയോ ഷെയറിങ് ആപ്പായ ടിക് ടോക്കില്‍ നിക്ഷേപത്തിനായി മാതൃകമ്പനി ബൈറ്റ്ഡാന്‍സ് റിലയന്‍സുമായി ചര്‍ച്ച നടത്തുന്നതായി പ്രമുഖ ടെക്‌നോളജി വാര്‍ത്താ പോര്‍ട്ടലായ ടെക്ക്രഞ്ച് ഡോട്ട് കോം റിപോര്‍ട്ട്. യുഎസിലും നിരോധിക്കപ്പെട്ട ടിക് ടോക്ക് ഏറ്റെടുക്കാന്‍ ടെക്ക് ഭീമനായ മൈക്രൊസോഫ്റ്റ് ചര്‍ച്ചകള്‍ നടത്തുന്നു എന്ന റിപോര്‍ട്ടുകള്‍ക്കിടെയാണ് ഇന്ത്യയിലും സമാന ചര്‍ച്ച നടക്കുന്നതായി വാര്‍ത്ത വരുന്നത്. തേസമയം ഇതു സംബന്ധിച്ച് റിലയന്‍സും ബൈറ്റ്ഡാന്‍സും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ബൈറ്റ്ഡാന്‍സില്‍ നിക്ഷേപമിറക്കാന്‍ റിലയന്‍സിന് പദ്ധതിയുണ്ടെന്ന് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞതായും റിപോര്‍ട്ട് സൂചിപ്പിക്കുന്നു. ബൈറ്റ്ഡാന്‍സ് പ്രാഥമിക ചര്‍ച്ചകളാണ് റിലയന്‍സുമായി നടത്തിയത്. ടിക് ടോക്കിന്റെ ഇന്ത്യയിലെ ബിസിനസിന് സാമ്പത്തിക പിന്തുണ തേടിയാണിത്. ജൂണില്‍ നിരോധിച്ച ടിക് ടോക്കിന് ഇന്ത്യയില്‍ 20 കോടിയിലേറെ ഉപയോക്താക്കളുണ്ട്.

ചര്‍ച്ചകള്‍ കഴിഞ്ഞ മാസം ആരംഭിച്ചതാണെങ്കിലും ഇതുവരെ അന്തിമ രൂപമായിട്ടില്ല. 58 ചൈനീസ് ആപ്പുകള്‍ക്കൊപ്പമാണ് ടിക് ടോക്കും നിരോധിക്കപ്പെട്ടത്. ഇതോടെ ഗൂഗ്ള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്‌ളിന്റെ ആപ് സ്റ്റോറില്‍ നിന്നും ഇതു നീക്കം ചെയ്യപ്പെട്ടു. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാരുമായി ബന്ധപ്പെട്ടുവരികയാണെന്നും ഉടന്‍ തിരിച്ചെത്തുമെന്നുമാണ് കമ്പനി അറിയിച്ചത്.

Latest News