Sorry, you need to enable JavaScript to visit this website.

പഴയ ജോലിയില്‍ തുടരാന്‍ എച്ച്-1ബി വിസക്കാർക്ക് അമേരിക്കയിലേക്ക് മടങ്ങാം

വാഷിംഗ്ടണ്‍- മുമ്പുണ്ടായിരുന്ന ജോലികളിൽ തിരികെ പ്രവേശിക്കാനാണെങ്കിൽ സാധുവായ എച്ച്-1ബി വിസയുള്ളവർക്ക് തിരികെ വരാമെന്ന് അമേരിക്ക. ഇങ്ങനെ വരുന്നവർക്ക് തങ്ങളുടെ ജീവിത പങ്കാളിയെയും കുട്ടികളെയും കൂടെ കൊണ്ടുവരാനും അനുവാദം നൽകുമെന്ന് യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റേറ്റ് അഡൈ്വസറി അറിയിച്ചു.

മുമ്പ് ജോലി ചെയ്തിരുന്ന  സ്ഥാപനത്തിൽ അതെ തൊഴിൽ ദാതാവിന്റെ കീഴിൽ പഴയ ജോലിയില്‍ തന്നെ പ്രവേശിക്കണമെന്നതാണ് നിബന്ധന.

എച്ച്-1ബി വിസ കൈവശമുള്ള സാങ്കേതിക വിദഗ്ധർ, സീനിയർ ലെവൽ മാനേജർമാർ തുടങ്ങിയ ജോലിക്കാർക്കും തിരികെ വരാം. എന്നാൽ കോവിഡ് ആഘാതത്തിൽ നിന്ന് തിരിച്ചുവരുന്ന അമേരിക്കൻ സമ്പദ് ഘടനക്ക്  അനിവാര്യമായവരായിരിക്കണം.

 എച്ച്-1ബി വിസ അനുവദിക്കുന്നത് ഈ വർഷം അവസാനം വരെ നിർത്തിവെച്ച് ജൂൺ 22 ന് ട്രംപ് ഭരണകൂടം ഉത്തരവിറക്കിയിരുന്നു. പല മേഖലകളിലും നിലവിലുള്ള എച്ച്-1ബി വിസക്കാരെ ജോലിക്ക് പ്രവേശിപ്പിക്കുന്നതിലും വിലക്ക് ഏർപ്പെടുത്തി.  ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പുതിയ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.

കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനും പൊതുജനാരോഗ്യ മേഖലയിൽ പ്രവർത്തിക്കുകയോ ഗവേഷണം നടത്തുകയോ ചെയ്യുന്നവർക്കും സാധുവായ വിസയുണ്ടെങ്കിൽ യാത്രവിലക്കുണ്ടാകില്ലെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

Latest News