തിരുവനന്തപുരം- ഡോക്ടറുടെ കുറിപ്പടിയില്ലെങ്കിലും ഇനി പൊതുജനങ്ങള്‍ക്ക് അംഗീകൃത ലാബുകളില്‍ നേരിട്ട് പോയി കോവിഡ് പരിശോധന നടത്താമെന്ന് വ്യക്തമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. അതേസമയം തിരിച്ചറിയല്‍ കാര്‍ഡ്, സമ്മതപത്രം എന്നിവ നിര്‍ബന്ധമാണ്. ആര്‍ടിപിസിആര്‍, ട്രൂനാറ്റ്, സിബിനാറ്റ്, ആന്റിജന്‍ പരിശോധനകള്‍ നടത്താം. പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചാലും രോഗലക്ഷണങ്ങളില്ലെങ്കില്‍ സൗകര്യമുള്ളവര്‍ക്ക് വീടുകളില്‍ ചികിത്സയ്ക്കുള്ള സൗകര്യം തെരഞ്ഞെടുക്കാം. ലക്ഷണമുള്ളവരെയും ഗുരുതര നിലയിലുള്ളവരെയും ആരോഗ്യനിലയനുസരിച്ച് പ്രാഥമിക ചികിത്സാ കേന്ദ്രത്തിലേക്കോ കോവിഡ് ആശുപത്രിയിലേക്കോ മാറ്റും.കേസുകള്‍ കൂടിയതോടെ പരമാവധി പരിശോധനാ സൗകര്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനാണ് നടപടി. സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കായിരിക്കും പരിശോധനയ്ക്ക് ഈടാക്കുക