ന്യൂദല്‍ഹി- റെയില്‍വേ സ്വകാര്യവല്‍ക്കരണത്തിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ ട്രെയ്ന്‍ ഓടിക്കാന്‍ താല്‍പര്യമറിയിച്ച് എത്തിയത് വന്‍കിടക്കാര്‍ അടക്കം 23 സ്വാകാര്യ കമ്പനികള്‍. ബുധനാഴ്ച നടന്ന, യോഗ്യതാ നിര്‍ണയത്തിന്റെ ഭാഗമായുള്ള ഔദ്യോഗിക പ്രീ അപ്ലിക്കേഷന്‍ ഓണ്‍ലൈന്‍ യോഗത്തില്‍ ബൊംബാഡിയര്‍, അല്‍സ്‌റ്റോം, സീമെന്‍സ്, ജിഎംആര്‍ തുടങ്ങിയ വന്‍കിട കമ്പനികളടക്കം പങ്കെടുത്തു. ആദ്യ യോഗത്തില്‍ 16 കമ്പനികള്‍ പങ്കെടുത്തിരുന്നു. രാജ്യത്ത് 12 ക്ലസ്റ്ററുകളിലായി സ്വാകാര്യ ട്രെയ്ന്‍ സര്‍വീസ് നടത്താന്‍ താല്‍പര്യമറിയിച്ച് ബുധനാഴ്ച എത്തിയ കമ്പനികളില്‍ ബിഇഎംഎല്‍, ഐആര്‍സിടിസി, സിഎഫ്, മേധാ ഗ്രൂപ്പ്, സ്റ്റെര്‍ലൈറ്റ്, ഭാരത് ഫോര്‍ജ്, ജെകെബി ഇന്‍ഫ്രാസ്ട്രക്ചര്‍, ടിറ്റാഗഡ് വാഗണ്‍സ് ലിമിറ്റഡ് എന്നിവയും ഉള്‍പ്പെടും.
രാജ്യത്ത് 151 സ്വകാര്യ ട്രെയ്ന്‍ സര്‍വീസുകള്‍ അനുവദിക്കുന്നതിനായി സര്‍ക്കാര്‍ തിരക്കേറിയ 109 റൂട്ടുകള്‍ തിരഞ്ഞെടുത്തിട്ടുണ്ട്. ഇവിടെ 35 വര്‍ഷം ട്രെയ്ന്‍ ഓടിക്കാനുള്ള കരാറാണ് സ്വകാര്യ കമ്പനികള്‍ക്ക് നല്‍കുക. യാത്രക്കാരുടെ വന്‍തിരക്കുള്ള ഈ റൂട്ടുകളിലാണ് വലിയ വെയ്റ്റിംഗ് ലിസ്റ്റുകള്‍ ഉള്ളത്. ഇത് സ്വകാര്യ കമ്പനികള്‍ക്ക് മികച്ച അവസരമൊരുക്കുന്നു. അതേസമയം ഈ 151 സ്വകാര്യ ട്രെയ്‌നുകള്‍ ഇന്ത്യയില്‍ ഓടുന്ന മൊത്തം ട്രെയ്‌നുകളുടെ വെറും അഞ്ചു ശതമാനം മാത്രമെ വരൂ. 12 ക്ലസ്റ്റുകളാക്കി തിരിച്ചാണ് ഈ റൂട്ടുകളെ വേര്‍ത്തിരിച്ചിരിക്കുന്നത്. പട്‌ന, സെക്കന്ദരാബാദ്, ബെംഗളുരു, ജയ്പൂര്‍, പ്രയാഗ് രാജ്, ഹൗറ, ചെന്നൈ, ചണ്ഡീഗഢ്, ദല്‍ഹിയിലും മുംബൈയിലും രണ്ടു വീതം എന്നീ നഗരങ്ങളെ കേന്ദ്രീകരിച്ചാണ് ക്ലസ്റ്ററുകള്‍. ഓരോ ക്ലസ്റ്റുകളും യോഗ്യരായ സ്വകാര്യ കമ്പനികള്‍ക്കു നല്‍കും. ടെന്‍ഡര്‍ നടപടികള്‍ ഈ സാമ്പത്തിക വര്‍ഷാവസാനത്തോടെ മാത്രമെ പൂര്‍ത്തിയാകൂ. ആദ്യ ഘട്ടത്തില്‍ 12 സ്വകാര്യ ട്രെയ്‌നുകള്‍ 2022-2023 സാമ്പത്തിക വര്‍ഷം ഓടിത്തുടങ്ങും.