ന്യൂദല്‍ഹി- രാജസ്ഥാനില്‍ ഭര്‍ത്താവിന്റെ ഫെയ്‌സ് ബുക്ക് പേജ് തെളിവായി ഹാജരാക്കി യുവതി വിവാഹ മോചനം നേടി. പ്രായം തികയുന്നതിനു മുമ്പ് നിയമവിരുദ്ധമായി തന്നെ വിവാഹം ചെയ്തുവെന്ന പരാതിയുമായി രാജസ്ഥാന്‍ കോടതിയെ സമീപിച്ച സുശീല ബിഷ്‌ണോയിക്കാണ് ഭര്‍ത്താവിന്റെ പച്ചക്കള്ളം പൊളിക്കാന്‍ സമൂഹ മാധ്യമം തുണയായത്.
ഒരിക്കലും വിവാഹം ചെയ്തിട്ടില്ലെന്ന് ബോധിപ്പിച്ച് കേസ് പൊളിക്കാനാണ് ഭര്‍ത്താവ് ശ്രമിച്ചതെന്ന് കുട്ടികളുടെ അവകാശങ്ങള്‍ക്കു വേണ്ടി രംഗത്തുള്ള സരതി ട്രസ്റ്റ് പ്രവര്‍ത്തക കീര്‍ത്തി ഭാരതി പറഞ്ഞു.
ഗ്രാമീണ ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും ഇപ്പോഴും തുടരുന്നതാണ് ശൈശവ വിവാഹം. നിയമവിരുദ്ധമായ തന്റെ ശൈശവ വിവാഹം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സുശീല കോടതിയെ സമീപിച്ചിരുന്നത്.
സന്നദ്ധ പ്രവര്‍ത്തകയുടെ സഹായത്തോടെയാണ് ഫെയ്‌സ് ബുക്ക് പേജില്‍ തിരഞ്ഞ് ഒടുവില്‍ ഭര്‍ത്താവിന് കൂട്ടുകാര്‍ ആശംസ നേരുന്ന സന്ദേശങ്ങള്‍ കോടതി മുമ്പാകെ ഹാജരാക്കിയത്. ഇത് തെളിവായി സ്വീകരിച്ചു കൊണ്ട് കോടതി വിവാഹം റദ്ദാക്കിയതായി കീര്‍ത്തി ഭാരതി പറഞ്ഞു.
ഇരുവര്‍ക്കും 12 വയസ്സായിരിക്കുമ്പോഴാണ് രാജസ്ഥാനിലെ ബാര്‍മര്‍ ജില്ലയില്‍വെച്ച് 2010 ല്‍ രഹസ്യവിവാഹം നടന്നിരുന്നത്. ചെറുപ്രായത്തില്‍ വിവാഹം നടന്നാലും 18 വയസ്സാകുന്നതുവരെ പെണ്‍കുട്ടികള്‍ മാതാപിതാക്കളോടൊപ്പം കഴിയുന്നതാണ് രാജസ്ഥാനിലെ രീതി. ഭര്‍തൃഗൃഹത്തിലേക്ക് പോകാന്‍ മാതാപിതാക്കള്‍ നിര്‍ബന്ധിച്ചതോടൊയണ് വിവാഹം റദ്ദാക്കണമെന്ന ആവശ്യവുമായി സുശീല കോടതിയിലേക്ക് പോയത്.
എനിക്ക് പഠിക്കണം. പക്ഷേ എന്റെ മാതാപിതാക്കള്‍ ആ കുടിയന്റെ കൂടെ ജീവിക്കാനാണ് നിര്‍ബന്ധിക്കുന്നത്. അയാളുടെ മതാപിതാക്കളും എന്നെ നിര്‍ബന്ധിച്ചു- സുശീല ബിഷ്‌ണോയി എ.എഫ്.പിയോട് പറഞ്ഞു.
ജീവിതവും മരണവുമായിരുന്നു മുന്നില്‍. ഞാന്‍ ജീവിതം തെരഞ്ഞെടുത്തു- അവള്‍ കൂട്ടിച്ചേര്‍ത്തു.
വീടു വിട്ടിറങ്ങി അഭയകേന്ദ്രത്തിലെത്തിയപ്പോഴാണ് കീര്‍ത്തി ഭാരതിയെ കണ്ടുമുട്ടിയത്. വിവാഹം വേര്‍പെടുത്താനുള്ള നിയമ പോരാട്ടത്തിന് അങ്ങനെ കീര്‍ത്തിയുടെ സഹായം ലഭിച്ചു.
വിവാഹിതരായാലും 18 വയസ്സിനു താഴെയുള്ള പെണ്‍കുട്ടികളുമായി ബന്ധപ്പെടുന്നത് ബലാത്സംഗമായി കണക്കാക്കുമെന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസം ഉത്തരവായിരുന്നു. ശൈശവ വിവാഹത്തിനുള്ള നിയമപുഴുതുകളാണ് ചരിത്രപ്രധാന വിധിയിലൂടെ പരമോന്നത നീതി പീഠം അടച്ചിരിക്കുന്നത്. ദക്ഷിണേഷ്യയിലെ പകുതിയോളം പെണ്‍കുട്ടികളും 18 വയസ്സാകുന്നതിനു മുമ്പാണ് വിവാഹിതരാകുന്നതെന്ന് 2014 ല്‍ യൂനിസെഫ് റിപ്പോര്‍ട്ട് വെളിപ്പെടുത്തിയിരുന്നു.