മുംബൈ- നടൻ സഞ്ജയ് ദത്തിന് ശ്വാസകോശ അർബുദമെന്ന് സ്ഥിരീകരിച്ചതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകുന്നു.
മുംബൈ ലീലാവതി ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ചാണ് റിപ്പോർട്ട്. രോഗത്തിന്റെ നാലാം ഘട്ടത്തിലാണെന്നും ചികിത്സയ്ക്കായി നടൻ ഉടന്‍ അമേരിക്കയിലേക്ക് പോകുമെന്നും റിപ്പോർട്ടുകളില്‍ പറയുന്നു.
ട്രേഡ് അനലിസ്റ്റ് കോമൾ നാഹ്തയാണ് നടന്റെ രോഗവിവരം സംബന്ധിച്ച് ആദ്യം ട്വീറ്റ് ചെയ്തത്. ചികിത്സയ്ക്കായി ജോലിയിൽ നിന്ന് ചെറിയ ഇടവേള എടുക്കുകയാണെന്നും കുടുംബവും സുഹൃത്തുക്കളും ഒപ്പമുണ്ടെന്നും സഞ്ജയ് ദത്ത് ട്വീറ്റ് ചെയ്തു. വിഷമിക്കുകയോ അനാവശ്യമായി ഊഹാപോഹങ്ങൾ നടത്തുകയോ ചെയ്യരുത്. നിങ്ങളുടെ എല്ലാ സ്നേഹത്തോടും ആശംസകളോടും കൂടി ഞാൻ മടങ്ങി വരും- സഞ്ജയ് ദത്ത് കുറിച്ചു.
ശ്വാസതടസ്സം അനുഭവപ്പെട്ടതിനെത്തുടർന്ന് ഈ മാസം എട്ടിന് സഞ്ജയ് ദത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 10 ന് ഡിസ്ചാർജ് ചെയ്തു. പിന്നാലെയാണ് നടന് അർബുദമെന്ന് സ്ഥിരീകരണമുണ്ടായത്.