Sorry, you need to enable JavaScript to visit this website.

ആരുഷി കേസില്‍ കിടപ്പറക്കഥക്ക് ഡോക്ടര്‍ തെളിവാക്കിയത് സ്വന്തം അനുഭവം

അലഹാബാദ്- മകള്‍ ആരുഷിയും വേലക്കാരന്‍ ഹേംരാജും കിടപ്പറ പങ്കിടുന്നത് നേരിട്ട കണ്ടപ്പോഴുണ്ടായ കോപമാണ് പിതാവ് ഡോ. രാജേഷ് തല്‍വാറിനെ ഇരട്ടക്കൊലക്ക് പ്രേരിപ്പിച്ചതെന്ന സി.ബി.ഐയുടെ കഥ അലഹബാദ് ഹൈക്കോടതി പാടേ നിരാകരിച്ചു. ആരുഷിയും ഹേംരാജും തമ്മില്‍ ബന്ധപ്പെട്ടതിന് മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍ മുന്നോട്ടുവെച്ച തെളിവുകളും ഇതൊടപ്പം കോടതി തള്ളി. സി.ബി.ഐ സ്ഥാപിക്കാന്‍ ശ്രമിച്ച കഥക്ക് യാതൊരു തെളിവുമില്ലെന്നാണ് ജഡ്ജിമാര്‍ ചൂണ്ടിക്കാട്ടിയത്.
ഇരട്ടക്കൊലക്ക് പിന്നിലെ പ്രേരണയായി ചൂണ്ടിക്കാട്ടിയ കാര്യം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ അമ്പേ പരാജയപ്പെട്ടു. കൊലപാതകങ്ങള്‍ നടന്ന ദിവസം ആരുഷിയും ഹേംരാജും തമ്മില്‍ ബന്ധപ്പെടുന്നത് ഡോ. രാജേഷ് തല്‍വാര്‍ കണ്ടതാണ് അദ്ദേഹം പ്രകോപിതനാകാനും കൊല നടത്താനും കാരണമെന്ന വാദം തെളിയിക്കാന്‍ കഴിഞ്ഞില്ല- ഹൈക്കോടതി ചൂണ്ടിക്കാട്ടി.
പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ നല്‍കിയ മൊഴിയെ മെഡിക്കല്‍ നിന്ദയെന്നാണ് പ്രതിഭാഗം അഭിഭാഷകര്‍ വിശേഷിപ്പിച്ചത്. ആരുഷിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍ സുനില്‍ ധോറെ ആരെങ്കിലും അവളെ ബലാത്സംഗം ചെയ്തതായോ ലൈംഗികമായി ആക്രമിച്ചതായോ സൂചിപ്പിച്ചിട്ടില്ല. യോനീ നാളത്തില്‍ വികാസമുണ്ടായിരുന്നുവെന്ന വാദം അദ്ദേഹം പിന്നീട് നല്‍കിയ മൊഴിയിലാണ് മുന്നോട്ടുവെച്ചത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്ന വെളുത്ത സ്രവം പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികളില്‍ സാധാരണ ഉണ്ടാകുന്നതാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ഹേംരാജിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോ. നരേഷ് രാജാണ് ഹൈക്കോടതിയുടെ കൂടുതല്‍ വിമര്‍ശനത്തിനിരയായത്. ഹേംരാജിന്റെ ലിംഗം വീര്‍ത്ത നിലയിലായിരുന്നുവെന്നും ഇത് ലൈംഗിക ബന്ധത്തിനിടയില്‍ നടന്ന കൊലപാതകമായതിനാലണെന്നുമാണ് അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. ഈ നിഗമനത്തിന്റെ അടിസ്ഥാനം കോടതി ചോദിച്ചപ്പോള്‍ താന്‍ വിവാഹിതനാണെന്നും തന്റെ ദാമ്പത്യജീവിതം അടിസ്ഥാനമാക്കിയാണ് ഇത്തരമൊരു നിഗമനത്തിലെത്തിയതെന്നുമായിരുന്നു മറുപടി. എന്നാല്‍ 18 മുതല്‍ 36 മണിക്കൂര്‍വരെ പിന്നിടുന്ന മൃതദേഹങ്ങളില്‍ ലിംഗവും വൃഷണ സഞ്ചിയുമടക്കം വീര്‍ക്കുമെന്നാണ് മെഡിക്കല്‍ പുസ്തകളങ്ങള്‍ ഉദ്ധരിച്ച് പ്രതിഭാഗം വാദിച്ചത്. ആരുഷിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ബലാത്സംഗം നടന്നുവെന്ന് ഉള്‍പ്പെടുത്താതിരിക്കാന്‍ ഡോ. ധോറെയില്‍ ബന്ധുക്കള്‍ സ്വാധീനം ചെലുത്തിയെന്ന സി.ബി.ഐ വാദവും ഹൈക്കോടതി സ്വീകരിച്ചില്ല.

 

Latest News