ജയ്പൂര്‍- തന്റെ തിരിച്ചുവരവിന് ഉപാധിയായി പാര്‍ട്ടിയോട് ഒരു പദവിയും ആവശ്യപ്പെട്ടിട്ടില്ലെന്ന് രാജസ്ഥാനില്‍ വിമത നീക്കം നടത്തിയ മുന്‍ ഉപമുഖ്യമന്ത്രി സചിന്‍ പൈലറ്റ്. കഴിഞ്ഞ ദിവസം ദല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുമായും പ്രിയങ്ക ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തി നിലപാട് അയച്ച സചിന്‍ ജയ്പൂരില്‍ തിരിച്ചെത്തി. പ്രശ്‌നങ്ങള്‍ ഉന്നയിക്കുകയാണ് ചെയ്തതെന്നും എംഎല്‍എമാര്‍ക്കെതിരെ പ്രതികാര രാഷ്ട്രീയ നീക്കം ഉണ്ടാകാന്‍ പാടില്ലെന്നുമാണ് ആവശ്യപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു. പ്രത്യയശാസ്ത്രപരമായോ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടോ അല്ലെങ്കില്‍ ചിന്തകളിലോ ഭിന്നതകളുണ്ടാകാം. എന്നാല്‍ രാഷ്ട്രീയത്തില്‍ പ്രതികാരത്തിന് ഇടമില്ലെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ പാര്‍ട്ടി നേതൃത്വം തയാറായതില്‍ സന്തോഷവാനാണ്. എഐസിസി ഒരു സമിതിയെ നിയോഗിച്ചിട്ടുണ്ട്. അവര്‍ സമയബന്ധിതമായി പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തന്റെ വിതമ നീക്കം പാര്‍ട്ടി വിരുദ്ധമല്ലെന്നും രാജസ്ഥാനിലെ സംഭവവികാസങ്ങള്‍ തുറന്നുകാണിക്കാനുള്ള നീക്കമായിരുന്നെന്നും അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. താന്‍ പദവികള്‍ക്കു പിന്നാലെ അല്ല. പദവി പാര്‍ട്ടി നല്‍കുന്നതാണ്. അത് പാര്‍ട്ടിക്കു തന്നെ തിരിച്ചെടുക്കാനുമാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.