ഇംഫാല്‍- മണിപ്പൂരില്‍ ബിരന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ വിശ്വാസവോട്ട് നേടിയതിനു പിന്നാലെ ആറു കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവച്ചു. വിശ്വാസവോട്ടില്‍ നിന്നു വിട്ടുനിന്ന എട്ടു എംഎല്‍എമാരില്‍ ആറുപേരാണ് ഇവര്‍. ഇബോബി സിംഗിന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടിയില്‍ വിശ്വാസമില്ലെന്നു ചൂണ്ടിക്കാട്ടിയാണ് എംഎല്‍എമാരുടെ രാജി. രാജിക്കത്ത് സ്പീക്കര്‍ക്കു നല്‍കിയതായി എംഎല്‍എമാര്‍ അറിയിച്ചു. രാജി ഇതുവരെ സ്പീക്കര്‍ അംഗീകരിച്ചിട്ടില്ലെന്നും വൈകാതെ പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് രാജിവെയ്ക്കുമെന്നും എംഎല്‍എമാര്‍ പറഞ്ഞു. സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടുവെന്നും അവര്‍ പറഞ്ഞു.60 അംഗ നിയമസഭയില്‍ നിലവില്‍ 53 അംഗങ്ങളാണുള്ളത്. മൂന്ന് എംഎല്‍എമാര്‍ രാജിവയ്ക്കുകയും നാലു പേരെ കൂറുമാറ്റ നിയമം അനുസരിച്ച് അയോഗ്യരാക്കുകയും ചെയ്തിരുന്നു.