102 ദിവസങ്ങള്‍ക്കു ശേഷം ന്യൂസിലന്‍ഡില്‍ വീണ്ടും കോവിഡ്

വെല്ലിങ്ടണ്‍- ലോകത്ത് ആദ്യമായി കോവിഡ് മുക്തരാജ്യമായി പ്രഖ്യാപിച്ച ന്യൂസിലന്‍ഡില്‍ 102 ദിവസങ്ങള്‍ക്കു ശേഷം വീണ്ടും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഓക്‌ലാന്‍ഡിലെ ഒരു വീട്ടില്‍ നാലു പേര്‍ക്ക് കോവിഡ് ബാധിച്ചതായി പ്രധാനമന്ത്രി ജസീന്ത ആഡേണ്‍ പറഞ്ഞു. പുതിയ രോഗബാധയുടെ ഉറവിടം കണ്ടെത്തിയിട്ടില്ല. ഇതോടെ രാജ്യത്തെ ഏറ്റവും വലിയ നഗരമായ ഓക് ലാന്‍ഡില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി. ലെവല്‍ ത്രീ ലോക്ഡൗണ്‍ ബുധനാഴ്ച ഉച്ച മുതല്‍ ആരംഭിക്കും. ജനങ്ങള്‍ വീടുവിട്ട് പുറത്തിറങ്ങാതെ അകത്ത് കഴിയേണ്ടി വരും. ബാറുകളും മറ്റു വ്യാപാര സ്ഥാപനങ്ങളും അടച്ചിടും. രാജ്യത്തിന്റെ മറ്റിടങ്ങളില്‍ ലെവല്‍ ടു ലോക്ഡൗണ്‍ നടപ്പിലാക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

കൊറോണ വൈറസ് വ്യാപനം ലോകത്തൊട്ടാകെ കുത്തനെ ഉയര്‍ന്ന മാര്‍ച്ചില്‍ കടുത്ത ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയാണ് ന്യൂസിലന്‍ഡ് രോഗ വ്യാപനത്തെ പിടിച്ചുകെട്ടിയിരുന്നത്. കഴിഞ്ഞ മൂന്നു മാസമായി രാജ്യത്തെ പുതിയ കേസുകള്‍ പുറത്തു നിന്ന് വരുന്ന യാത്രക്കാരില്‍ നിന്നായിരുന്നു. ഇവരെ അതിര്‍ത്തിയില്‍ ക്വാരന്റീന്‍ ചെയ്ത് രോഗമുക്തരാക്കിയാണ് രാജ്യത്തേക്ക് പ്രവേശിപ്പിച്ചുവരുന്നത്.
 

Latest News