ന്യൂദല്‍ഹി- ചൈനക്കെതിരെ കൂടുതല്‍ നടപടികളുമായി കേന്ദ്ര സർക്കാർ മുന്നോട്ട്. ചൈനീസ് ഇറക്കുമതിക്കു കൂടുതല്‍ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുവാനുള്ള നീക്കങ്ങളുടെ ഭാഗമായി ഇരുപതോളം ഉല്‍പന്നങ്ങളുടെ കസ്റ്റംസ് തീരുവ വര്‍ധിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്.
ലാപ്‌ടോപ്പ്, ക്യാമറ, തുണിത്തരങ്ങള്‍, അലുമിനിയം ഉല്‍പന്നങ്ങള്‍ തുടങ്ങിയവയുടെ കസ്റ്റംസ് ഡ്യൂട്ടി വര്‍ധിപ്പിക്കുന്നതിനെക്കുറിച്ചാണ് ചര്‍ച്ചകള്‍. ചില സ്റ്റീല്‍ ഉല്‍പന്നങ്ങളുടെ ഇറക്കുമതിക്ക് ലൈസന്‍സ് ഏര്‍പ്പെടുത്തുകയും ചെയ്യും. വാണിജ്യമന്ത്രാലയത്തില്‍ നിന്നുള്ള ശുപാര്‍ശ ധനമന്ത്രാലയത്തിന്‍റെ പരിഗണനയിലാണ്.
ചൈനയില്‍ നിന്നു വന്‍തോതില്‍ ഇത്തരം ഉല്‍പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് ഒഴിവാക്കുകയാണ് ലക്ഷ്യമെന്ന് ഉദ്യോഗസ്ഥ വൃത്തങ്ങള്‍ പറയുന്നു.
ഇന്ത്യയുമായി സ്വതന്ത്രവ്യാപാര കരാറുള്ള വിയറ്റ്‌നാം, തായ്‌ലന്‍ഡ് തുടങ്ങിയ ആസിയാന്‍ രാജ്യങ്ങളില്‍ നിന്ന് അടുത്തിടെയായി ഇറക്കുമതി വര്‍ധിച്ചിട്ടുണ്. ഈ രാജ്യങ്ങളെ ഉപയോഗിച്ച് ചൈന നിയന്ത്രണമില്ലാതെ ഇന്ത്യയിലേക്ക് ഇറക്കുമതി നടത്തുന്നുവെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ഇതേത്തുടര്‍ന്ന് ടയര്‍, ടിവി സെറ്റുകള്‍ എന്നിവയുടെ ഇറക്കുമതിക്ക് വാണിജ്യമന്ത്രാലയം ലൈസന്‍സ് ഏര്‍പ്പെടുത്തിയിരുന്നു. ലൈസന്‍സിങ് ഏജന്‍സിയായ വിദേശവ്യാപാര ഡയറക്ടറേറ്റ് ജനറല്‍ ചില ഉരുക്ക് ഉല്‍പന്നങ്ങളുടെ ഇറക്കുമതിക്കു ലൈസന്‍സ് ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളിലാണ്.
ലഡാക്കിലെ ചൈനീസ് കടന്നുകയറ്റത്തിനു പിന്നാലെ കേന്ദ്ര സര്‍ക്കാര്‍ ചൈനയുമായുള്ള വാണിജ്യത്തില്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തുന്നത്. നിരവധി ചൈനീസ് ആപ്പുകള്‍ നിരോധിക്കുകയും ചൈന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനികളില്‍നിന്നുള്ള നേരിട്ടുള്ള വിദേശനിക്ഷേപത്തിന് മുന്‍കൂര്‍ അനുമതി എന്ന വ്യവസ്ഥ നടപ്പാക്കുകയും ചെയ്തു.