മ്യൂണിക്- സ്വീഡനിലെ ഒരു സംഘം ചരിത്ര ഗവേഷകര്‍ പുതിയൊരു കണ്ടെത്തല്‍ നടത്തിയിരിക്കുന്നു. സ്വീഡന്‍, ഡെന്‍മാര്‍ക്ക്, നോര്‍വെ എന്നീ സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളിലെ കരുത്തരായ കടല്‍ കൊള്ളക്കാരും സമുദ്ര സഞ്ചാരികളുമായ വൈക്കിങ് എന്നറിയപ്പെട്ടിരുന്നവരുടെ ശവസംസ്‌കാരത്തിനുപയോഗിച്ചിരുന്ന പ്രത്യേക തുണികളിലെ അറബി അക്ഷരങ്ങളാണ് പുതിയ ചരിത്ര കൗതുകമായി കണ്ടെത്തിയിരിക്കുന്നത്. അല്ലാഹ്, അലി എന്നി അറബി വാക്കുകളാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ പ്രത്യേക തുണികളില്‍ തുന്നിപ്പിടിപ്പിച്ചിരിക്കുന്നത് എന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളിലെ ഇസ്ലാമിന്റെ സ്വാധീനം സംബന്ധിച്ച ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന സുപ്രധാന കണ്ടെത്തലാണ് ഇതെന്ന് ബ്രിട്ടീഷ് മാധ്യമ പ്രവര്‍ത്തകനും മുസ്ലിം സാംസ്‌കാരിക പൈതകത്തെ കുറിച്ച് പഠിക്കുകയും ചെയ്യുന്ന താരിഖ് ഹുസൈന്‍ പറയുന്നു.
ഒമ്പതാം നൂറ്റാണ്ടിലും പത്താം നൂറ്റാണ്ടിലും ഉപയോഗിക്കപ്പെട്ട വൈക്കിങ് സമൂഹത്തിന്റെ ഈ ശവസംസ്‌കാര ശേഷിപ്പുകള്‍ നൂറ്റാണ്ടിലേറെയായി വെറും ചരിത്ര സ്മാരകമായി സൂക്ഷിക്കപ്പെട്ടതായിരുന്നു. ഇവയെ കുറിച്ച് പഠനം നടത്തുകയും ഇവ വിശദമായി പരിശോധിക്കുകയും ചെയ്ത സ്വീഡനിലെ ഉപ്‌സാല യൂണിവേഴ്‌സിറ്റിയിലെ ടെക്‌സ്റ്റൈല്‍ ആര്‍ക്കിയോളജിസ്റ്റ് അനിക ലാര്‍സന്‍ ആണ് ഈ കണ്ടെത്തല്‍ നടത്തിയത്. വൈക്കിങ് സമൂഹത്തിന് ഇസ്ലാമിക ലോകവുമായി ഉണ്ടായിരുന്ന ബന്ധത്തിലേക്ക് വെളിച്ചം വീശുന്നതാണിത്. പട്ട്, വെള്ളി നൂലുകള്‍ കൊണ്ടാണ് ഈ ശവസംസ്‌കാര തുണികളില്‍ അല്ലാഹ്, അലി എന്നീ വാക്കുകള്‍ ആവര്‍ത്തിച്ച് തുന്നിപ്പിടിപ്പിച്ചിരിക്കുന്
19, 20 നൂറ്റാണ്ടുകളില്‍ സ്വീഡനിലെ ഗല്‍മ ഉപ്‌സാല, ബിര്‍ക എന്നിവിടങ്ങളിലെ വൈക്കിങ് കുഴിമാടങ്ങളില്‍ നിന്ന് ഖനനം ചെയ്തതെടുത്തവയാണ് മൃതദേഹം പൊതിയുന്ന ഈ തുണികള്‍. മധ്യ ഏഷ്യ, പേര്‍ഷ്യ, ചൈന എന്നീ രാജ്യങ്ങളില്‍ നിന്നുള്ള തുണിത്തരങ്ങളാണ് വൈക്കിങ് സമൂഹം ഉപയോഗിച്ചിരുന്നതെന്നാണ് ഇതു വ്യക്തമാക്കുന്നതെന്ന് അവര്‍ പറയുന്നു. ഇവയിലെ തീരെ ചെറിയ ജ്യാമിതീയ രൂപകല്‍പ്പനകള്‍ ഇതുവരെ സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളില്‍ കാണാത്തവയാണെന്ന് ലാര്‍സന്‍ പറയുന്നു. 'ഇവയെ കുറിച്ച് ആദ്യം ഒരു സൂചനയും ലഭിച്ചില്ല. പിന്നീടാണ് സ്‌പെയിനിലെ മൂറിഷ് വസ്ത്രങ്ങളില്‍ നേരത്തെ കണ്ട സമാന രൂപകല്‍പ്പനകള്‍ എന്റെ ശ്രദ്ധയില്‍ വന്നത്,' അവര്‍ പറഞ്ഞു.
വൈക്കിങ് കാലത്തെ രൂപകല്‍പ്പനകളല്ല ഇവയെന്നും ഏഴാം നൂറ്റാണ്ടില്‍ ഇറാഖിലെ കൂഫയില്‍ രൂപംകൊണ്ട ഖുര്‍ആന്‍ എഴുതാന്‍ ഉപയോഗിച്ചിരുന്നു കൂഫിക് അറബിക് ലിപിയാണ് ഇവയെന്നും പിന്നീട് നടന്ന ഗവേഷണത്തിലൂടെ സ്ഥിരീകരിച്ചു. ഈ രണ്ടു അറബ് വാക്കുകളും ആര്‍ത്തിച്ച് രൂപകല്‍പ്പന ചെയ്തിരിക്കുന്നു. ഇസ്ലാമിലെ നാലാം ഖലീഫയുടെ പേരാണ് അലിയെന്ന് ഇറാനിയന്‍ സഹപ്രവര്‍ത്തകന്റെ സഹായത്തോടെയാണ് ലാര്‍സന്‍ മനസ്സിലാക്കിയത്. എന്നാല്‍ അലിയോടൊപ്പമുള്ള അറബി വാക്ക് തിരിച്ചറിയാന്‍ കൂടുതല്‍ സമയം വേണ്ടി വന്നു. ഇവയുടെ ചിത്രം പല കോണുകളില്‍ നിന്നുമെടുത്ത് വലുതാക്കിയും മറ്റും വിശദമായി പഠിച്ചപ്പോഴ് ഇത് ദൈവം എന്നര്‍ത്ഥം വരുന്ന അല്ലാഹ് എന്ന വാക്കാണെന്ന് തിരിച്ചറിഞ്ഞത്. ലാര്‍സന്‍ ഗവേഷണം നടത്താന്‍ ഉപയോഗിച്ച് നൂറോളം വൈക്കിങ് തുണികളില്‍ പത്തോളം തുണികളിലാണ് ഈ വാക്കുകള്‍ കണ്ടെത്തിയത്.
ഈ കണ്ടെത്തല്‍ വൈക്കിങ് സമൂഹത്തിന്റെ കുഴിമാടങ്ങളെ കുറിച്ചുള്ള പുതിയ ചോദ്യങ്ങള്‍ ഉയര്‍ത്തിയിരിക്കുകയാണ്. ഇവരുടെ കൂട്ടത്തില്‍ മുസ്ലിംകളും ഉണ്ടാകാമെന്നുള്ള സാധ്യതയെ തള്ളിക്കളയാനാവില്ലെന്ന് ലാര്‍സന്‍ പറയുന്നു. 'വൈക്കിങ് കുഴിമാടങ്ങളില്‍ നിന്നെടുത്ത അവശിഷ്ടങ്ങളുടെ ഡിഎന്‍എ പരിശോധനയില്‍ ഇവരില്‍ ചിലരുടെ അടിവേരുകള്‍ ഇസ്ലാമിന് ആധിപത്യമുണ്ടായിരുന്ന പേര്‍ഷ്യയിലാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.
'ഈ കണ്ടെത്തലുകള്‍ നല്‍കുന്ന സൂചന വൈക്കിങ് സമൂഹത്തിന്റെ ശവസംസ്‌കാര രീതികളില്‍ ഇസ്ലാമിക വിശ്വാസത്തിനു സ്വാധീനമുണ്ടായിരുന്നു എന്നാണ്. മരണ ശേഷമുള്ള അനശ്വരമായ സ്വര്‍ഗീയ ജീവിതത്തെ കുറിച്ചുള്ള ഇസ്ലാമിക വിശ്വാസം പോലുള്ളവ ഇവരേയും സ്വാധീനിച്ചിട്ടുണ്ടാകാം,' ലാര്‍സന്‍ പറയുന്നു. അല്ലാഹ്, അലി എന്നെഴുതിവച്ച ശവസംസ്‌കാര തുണികളില്‍ മറവ് ചെയ്തവരുടെ ഭൂമിശാസ്ത്രപരമായ ഉത്ഭവ കേന്ദ്രം കണ്ടെത്തുന്നതിന് ഉപ്‌സാല യൂണിവേഴ്‌സിറ്റിയിലെ ജനിതക ശാസ്ത്രം അടക്കമുള്ള വകുപ്പുകളുമായി ചേര്‍ന്ന് പുതിയ ഗവേഷണങ്ങള്‍ക്കു തുടക്കമിട്ടിരിക്കുകയാണ് ലാര്‍സന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘം.
വൈക്കിങ് സമൂഹത്തിനു മുസ്ലിം ലോകവുമായി ബന്ധം ഉണ്ടായിരുന്നുവെന്നതിന് നേരത്തെയും തെളിവുകള്‍ ചരിത്ര ഗവേഷകര്‍ കണ്ടെത്തിയിരുന്നു. ഇസ്ലാമിക രാജ്യങ്ങളിലെ പുരാതന നാണയങ്ങള്‍ യൂറോപ്യന്‍ മേഖലയില്‍ നിന്ന് കണ്ടെത്തിയിരുന്നു. രണ്ടു വര്‍ഷം മുമ്പ് സ്വീഡനിലെ ബിര്‍ക്കയില്‍ നിന്ന് ഖനനം ചെയ്‌തെടുത്ത നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു സ്ത്രീയുടെ കുഴിമാടത്തില്‍ നിന്ന് അല്ലാഹ് എന്നെഴുതിയ വെള്ളി മോതിരം കണ്ടെടുത്തിരുന്നു. ഈ ലിപിയും കൂഫി ആയിരുന്നു.