ന്യൂദല്‍ഹി-ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ടു തനിക്കെതിരേ നടക്കുന്ന മാധ്യമ വിചാരണയില്‍ നടി റിയ ചക്രവര്‍ത്തി സുപ്രീംകോടതിയെ സമീപിച്ചു. തന്നെ മാധ്യമങ്ങള്‍ ഇപ്പോള്‍ തന്നെ കുറ്റവാളിയാക്കി എന്നു ചൂണ്ടിക്കാട്ടിയാണു നടി കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്.
താന്‍ രാഷ്ട്രീയ അജന്‍ഡകളുടെ ബലിയാടാകുമെന്നു ഭയക്കുന്നതായും കടുത്ത മാനസിഘാതത്തില്‍നിന്നും സ്വകാര്യതയുടെ ലംഘനത്തില്‍നിന്നും തനിക്ക് സംരക്ഷണം നല്‍കണമെന്നും റിയ സുപ്രീംകോടതിയേട് ആവശ്യപ്പെട്ടു.
സുശാന്തിന്റെ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന ആരോപണം വരുന്നതിനു മുമ്പുതന്നെ തനിക്കെതിരെ മാധ്യങ്ങള്‍ വിചാരണ ആരംഭിച്ചു. പിന്നീടു സാക്ഷികള്‍ എന്ന പേരില്‍ പലരെയും കണ്ടു സംസാരിച്ചുവെന്നും റിയ പറയുന്നു.അതേസമയം, സുശാന്തിന്റെ മരണത്തില്‍ സിബിഐ കേസെടുത്തു. നടിയും സുശാന്തിന്റെ കാമുകിയുമായിരുന്ന റിയ ചക്രവര്‍ത്തിയും മറ്റ് അഞ്ച് പേരെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയാണ് സിബിഐ കേസെടുത്തിട്ടുള്ളത്. മഹാരാഷ്ട്ര പൊലീസ് അന്വേഷിക്കുന്ന കേസ് നേരത്തേ സിബിഐയ്ക്കു വിട്ടിരുന്നു.