ന്യൂദല്‍ഹി-ഹിന്ദി ഭാഷ അറിയാത്തതിന്റെ പേരില്‍ ഇന്ത്യക്കാരിയല്ലേ എന്ന ചോദ്യം നേരിട്ടതില്‍ രൂക്ഷമായി പ്രതികരിച്ച ഡി.എം.കെ എം.പി കനിമൊഴിക്ക് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് പി. ചിദംബരവും. തനിക്കും സമാനമായ അനുഭവം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ചിദംബരം വെളിപ്പെടുത്തി.
ചെന്നൈ വിമാനത്താവളത്തില്‍ ഡി.എം.കെ എം.പി കനിമൊഴിക്ക് നേരിടേണ്ടി വന്ന അസുഖകരമായ അനുഭവം അസാധാരണമല്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്നും സാധാരണക്കാരില്‍ നിന്നും എനിക്കും സമാനമായ അനുഭവം ഉണ്ടായിട്ടുണ്ട്. മുഖാമുഖം സംസാരിക്കേണ്ടി വന്നപ്പോഴും ഫോണ്‍ സംഭാഷണങ്ങളിലും പലരും ഹിന്ദിയില്‍ സംസാരിക്കാന്‍ നിര്‍ബന്ധിച്ചിട്ടുണ്ടെന്നും ചിദംബരം ട്വിറ്ററില്‍ കുറിച്ചു.തനിക്ക് ഹിന്ദി അറിയില്ലെന്നും ഇംഗ്ലീഷിലോ തമിഴിലോ സംസാരിക്കാമോ എന്ന് ചോദിച്ചതിന് വിമാനത്താവളത്തിലെ സിഐഎസ് എഫ് ജവാന്‍ തന്നോട് ഇന്ത്യനാണോ എന്ന് ചോദിച്ചതായി കനിമൊഴി കഴിഞ്ഞ ദിവസമാണ് ട്വീറ്റ് ചെയ്തിരുന്നത്.