ന്യൂദല്‍ഹി- റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ റിഫൈനിംഗ്, കെമിക്കല്‍ ബിസിനസില്‍ മുതല്‍മുടക്കാനുള്ള നീക്കം ഉപേക്ഷിച്ചിട്ടില്ലെന്നും 1500 കോടി ഡോളറിന്റെ ഓഹരികള്‍ വാങ്ങാനുള്ള നടപടികള്‍ തുടരുകയാണെന്നും സൗദി അറാംകോ അറിയിച്ചു.
കോവിഡ് പശ്ചാത്തലത്തില്‍ എണ്ണ മേഖലയില്‍ അപ്രതീക്ഷിതമായുണ്ടായ തിരിച്ചടികള്‍ കാരണം ഇടാപാട് വൈകുകയാണെന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ പ്രസ്താവന കഴിഞ്ഞ മാസം സ്വന്തം കമ്പനിയുടെ ഓഹരി വില ഇടിയാന്‍ കാരണമായിരുന്നു.
റിലയന്‍സുമായി ചര്‍ച്ചകള്‍ തുടരുകയാണെന്ന് അറാംകോ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ അമീന്‍ നാസര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. നടപടികള്‍ തുടരുകയാണെന്നും ഉടന്‍ തന്നെ പുതിയ വിവരങ്ങള്‍ നല്‍കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലേക്ക് ക്രൂഡ് വിതരണം ചെയ്യുന്ന മുഖ്യ കമ്പനിയാണ് അറാംകോ. റിലയന്‍സ് സൗദിയിലേക്ക് പെട്രോളിയം ഉല്‍പന്നങ്ങള്‍ കയറ്റി അയക്കുന്ന മുന്‍നിരക്കാരാണ്. ലോകത്തെ ഏറ്റവുംവലിയ ക്രൂഡ് കയറ്റുമതിക്കാര്‍ മുന്‍നിര റിഫൈനറി കമ്പനിയുമായി സഹകരിക്കുന്നതാണ് അറാംകോ-റിലയന്‍സ് ഇടപാടിനെ ശ്രദ്ധേയമാക്കുന്നത്.