ചെന്നൈ- ഹിന്ദി അറിയില്ലെന്ന് പറഞ്ഞ തന്നോട് എയര്‍പോര്‍ട്ടിലെ സി.ഐ.എസഎഫ് ജവാന്‍ ഇന്ത്യക്കാരിയല്ലേയെന്ന് ചോദിച്ചുവെന്ന് ഡി.എം.കെ നേതാവ് കനിമൊഴിയുടെ ആരോപണം. പുതിയ വിദ്യാഭ്യാസനയം പ്രഖ്യാപിച്ചതോടെ ഭാഷയുടെ പേരില്‍ ഉയര്‍ന്ന വിവാദങ്ങള്‍ക്കിടെയാണ് കനിമൊഴിയുടെ ട്വീറ്റ്.
എനിക്ക് ഹിന്ദി അറിയില്ലെന്നും ഇംഗ്ലീഷിലോ തമിഴിലോ സംസാരിക്കാമോ എന്നും ചോദിച്ചതിന് ഇന്ന് എന്നോട് എയര്‍പോര്‍ട്ടിലെ സി.ഐ.എസ്. എഫ് ജവാന്‍ ഇന്ത്യക്കാരിയാണോ എന്ന് ചോദിച്ചു. എപ്പോള്‍ മുതലാണ് ഇന്ത്യന്‍ എന്ന് പറയുന്നത് ഹിന്ദി അറിയുന്നവന് തുല്യമായി മാറിയതെന്ന് അറിയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.' കനിമൊഴി ട്വീറ്റ് ചെയ്തു. ഹിന്ദി ഇംപോസിഷന്‍ എന്ന ഹാഷ്ടാഗിലാണ് കനിമൊഴിയുടെ ട്വീറ്റ്.
കനിമൊഴിക്ക് പിന്തുണയുമായി നിരവധി പേര്‍ രംഗത്തെത്തി. അപലപനീയം എന്നാണ് സംഭവത്തെ കോണ്‍ഗ്രസ് എംപി മാണിക്കം ടാഗോര്‍ വിശേഷിപ്പിച്ചത്. തികച്ചും പരിഹാസ്യം. അപലപനീയം, ഭാഷാപരമായ പരിശോധനയോ അടുത്തത് എന്താണ്?'എന്നായിരുന്നു എംപി കാര്‍ത്തി പി ചിദംബരത്തിന്റെ ട്വീറ്റ്.
സംഭവം ചര്‍ച്ചയായതോടെ സി.ഐ.എസ്.എഫ് വിഷയത്തില്‍ പ്രതികരിച്ചു. കനിമൊഴിയുടെ യാത്രാ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട സി.ഐ.എസ്.എഫ് ക്ഷമ ചോദിക്കുകയും ചെയ്തു.