വാഷിങ്ടണ്‍- ടിക് ടോക്ക് വിഡിയോ ഷെയറിങ് ആപ്പ് യുഎസില്‍ വിലക്കിയ പ്രസിഡന്റ് ഡൊനള്‍ഡ് ട്രംപിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവിനെതിരെ ചൈനീസ് കമ്പനി കോടതിയെ സമീപിക്കാനൊരുങ്ങുന്നതായി റിപോര്‍ട്ട്. യുഎസിലെ വിലക്ക് ഭരണഘടനാ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് ടിക് ടോക്ക് ട്രംപിനെതിരെ നിയമ പോരാട്ടത്തിനിറങ്ങുന്നതെന്ന് നാഷണല്‍ പബ്ലിക് റേഡിയോ റിപോര്‍ട്ട് ചെയ്യുന്നു. കാലിഫോര്‍ണിയ സതേണ്‍ ഡിസ്ട്രിക്ക് കോടതിയില്‍ ചൊവ്വാഴ്ച്ചക്കകം ടികിടോക്ക് പരാതി നല്‍കുമെന്നാണ് സൂചന. ഇവിടെയാണ് ടിക് ടോക്കിന്റെ യുഎസ് ആസ്ഥാനം. ദേശീയ സുരക്ഷാ ഭീഷണിയെന്ന യുഎസ് സര്‍ക്കാരിന്റെ ന്യായീകരണം അടിസ്ഥാന രഹിതമാണെന്നും കമ്പനിക്കു മറുപടി പറയാന്‍ പോലും അവസരം നല്‍കാതെ വിലക്കേര്‍പ്പെടുത്തിയ നടപടി ഭരണഘടനാ വിരുദ്ധമാണെന്നുമാണ് ടിക് ടോക്കിന്റെ നിലപാടെന്നും റിപോര്‍ട്ട് സൂചിപ്പിക്കുന്നു.
ട്രംപിന്റെ വിലക്ക് ഞെട്ടിപ്പിച്ചെന്നും കോടതിയുടെ സഹായം ഉള്‍പ്പെടെ ലഭ്യമായ എല്ലാ പരിഹാരമാര്‍ഗങ്ങളും തേടുമെന്നും വെള്ളിയാഴ്ച ടിക് ടോക്ക് വ്യക്തമാക്കിയിരുന്നു.
ടിക് ടോക്കിനെ കൂടാതെ മറ്റൊരു ചൈനീസ് കമ്പനിയായ ടെന്‍സെന്റ് ഹോള്‍ഡിങ്‌സിന്റെ വിചാറ്റ് ആപ്പും വ്യാഴാഴ്ചയാണ് ട്രംപ് ഭരണകൂടം നിരോധിച്ചത്. 45 ദിവസത്തിനകം ഇതു പ്രാബല്യത്തിലാകും. അമേരിക്കക്കാരും അമേരിക്കന്‍ കമ്പനികളും ഈ കമ്പനികളുമായി ഒരു ഇടപാടും പാടില്ലെന്നാണ് ട്രംപിന്റെ ഉത്തരവ്.