ന്യൂദല്‍ഹി- കേന്ദ്ര പാര്‍ലമെന്ററികാര്യ സഹമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാളിന് കോവിഡ് സ്ഥിരീകരിച്ചു. ദല്‍ഹിയില്‍ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോവിഡ് ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് രണ്ടു തവണ പരിശോധന നടത്തിയെന്നും രണ്ടാം പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു. വലിയ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നും അദ്ദേഹം അറിയിച്ചു. ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരമാണ് എയിംസ് ആശുപത്രിയില്‍ പോയത്. താനുമായി സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരും ആരോഗ്യം ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.
കൊറോണ വൈറസിനെതിരായ ആന്റി ബോഡികള്‍ ഉല്‍പ്പാദിപ്പിക്കാനുള്ള ശേഷി പപ്പടത്തിനുണ്ടെന്ന് മന്ത്രി അര്‍ജുന്‍ റാം പറയുന്ന ഒരു വിഡിയോ ജൂലൈയില്‍ വൈറലായിരുന്നു. രാജസ്ഥാനിലെ ബികാനേര്‍ എംപിയാണ് അര്‍ജുന്‍ റാം. രാജസ്ഥാനില്‍ നിന്നുള്ള മറ്റൊരു കേന്ദ്ര മന്ത്രിയായ കൈലാശ് ചൗധരിക്കും കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ കോവിഡ് ബാധിച്ച കേന്ദ്ര മന്ത്രിമാരുടെ എണ്ണം നാലായി. ആഭ്യന്തര മന്ത്രി അമിത് ഷാ, പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ എന്നിവര്‍ക്കാണ് നേരത്തെ രോഗം സ്ഥിരീകരിച്ചത്.